Entertainment
അടുത്തിടെ നടന്ന സംഭവങ്ങളുമായി കഥക്ക് ബന്ധം, ഞെട്ടലില്‍ കാക്കിപ്പട ടീം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment

അടുത്തിടെ നടന്ന സംഭവങ്ങളുമായി കഥക്ക് ബന്ധം, ഞെട്ടലില്‍ 'കാക്കിപ്പട' ടീം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
|
13 Nov 2022 10:11 AM GMT

ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ കഥയാണ് ചിത്രം പറയുന്നത്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറി 'കാക്കിപ്പട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ ശ്രദ്ധ നേടിയ പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് 'കാക്കിപ്പട'. സമകാലീന സംഭവങ്ങളുമായി ഏറെ ബന്ധമുള്ള ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുണ്ടെന്ന് അറിഞ്ഞ ഞെട്ടലിലാണ് അണിയറ പ്രവര്‍ത്തകര്‍. ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു പടി മുകളിലുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൗഘട്ട് അഭിപ്രായപ്പെട്ടു. എസ്.വി.ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചത്.

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ അധികരിച്ചാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്ന ചിത്രം തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ ജീവിതം പറയുന്നു. പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച കുറ്റകൃതത്തോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ്‌ 'കാക്കിപ്പട'. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ്‌ ഈ സിനിമ പറയുന്നത്.'Delay in Justice, is Injustice' എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് (രാക്ഷസന്‍ ഫെയിം ), മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ്, എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ,സംഭാഷണം-ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. സംഗീതം-ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-സാബുറാം. മേക്കപ്പ്-പ്രദീപ്. വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ. നിർമ്മാണ നിർവ്വഹണം-എസ്.മുരുകൻ. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Similar Posts