Entertainment
The strike announced by the theater owners association Feuok has started
Entertainment

പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

Web Desk
|
23 Feb 2024 11:33 AM GMT

ഫിയോക്കുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ച സമരം ആരംഭിച്ചു. ഇന്ന് മുതൽ പുതിയ മലയാളം സിനിമകൾ ഫിയോക് സംഘടനയ്ക്ക് കീഴിലുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യില്ല. സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഫിയോക് സമരം ആരംഭിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഇന്ന് മുതൽ ഫിയോക്കിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററുകളിൽ മലയാളം സിനിമകൾ റിലീസ് ചെയ്യില്ല. കണ്ടന്റ് മാസ്റ്ററിങുമായി ബന്ധപ്പെട്ട് സിനിമ നിർമാതാക്കാൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ കഴിയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്. ഒടിടി റിലീസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ധാരണകൾ നിർമാതാക്കൾ ലംഘിച്ചുവെന്നും തിയേറ്റർ ഉടമകൾ ആരോപിക്കുന്നു.

ഫിയോക്കിന്റെ സമരം തത്ക്കാലം സിനിമ മേഖലയെ ബാധിക്കില്ല. എന്നാൽ സമരം നീണ്ടാൽ മാർച്ച് മാസത്തെ റിലീസുകൾ പ്രതിസന്ധിയിലാകും. അതേസമയം, തീയറ്റർ ഉടമകളുടെ സമരവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിനിമ മേഖലയിലെ മറ്റ് സംഘടനകൾ. ഫിയോക്കുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. 28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ ചർച്ച വിളിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.



Similar Posts