ലിയോ കുതിപ്പ്; ആഗോള ബോക്സ് ഓഫീസിൽ ഡികാപ്രിയോ ചിത്രത്തെയും വീഴ്ത്തി
|ലിയോ 48.5 മില്യണ്‍ ഡോളറും 'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍' 44 മില്യണ്‍ ഡോളറുമാണ് വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
ആഗോള ബോക്സ് ഓഫീസില്‍ ലിയനാര്‍ഡോ ഡികാപ്രിയോ ചിത്രം 'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ' പിന്നിലാക്കി വിജയ് ചിത്രം ലിയോ. അമേരിക്കന്‍ മാഗസീനായ വെറൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലിയോ 48.5 മില്യണ്‍ ഡോളറും 'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍' 44 മില്യണ്‍ ഡോളറുമാണ് വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
2.1 മില്യണ്‍ ഡോളര്‍ യു.എസില്‍ നിന്നും 1.07 മില്യണ്‍ പൗണ്ട് യു.കെയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ലിയോ നേടിയെന്നാണ് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്സ് പോസ്റ്റ് പ്രകാരം ലിയോ യു.എ.ഇ, സിംഗപ്പൂര്‍, മലേഷ്യ ബോക്സോഫീസുകളില്‍ ഈ വാരാന്ത്യത്തില്‍ കലക്ഷനില്‍ ഒന്നാമതാണ്. നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ ഒക്ടോബര്‍ 20-22 വാരാന്ത്യത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് ലിയോ. 148.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ലിയോ 400 കോടിയിലധികം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിലും സിനിമക്ക് മികച്ച കലക്ഷനാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 19നാണ് ലിയോ റിലീസായത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ്ങാണ് ദളപതി ചിത്രത്തിന് ലഭിച്ചത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.