ജോലിക്ക് കൂലി തന്നില്ല; ലിയോയ്‍ക്കെതിരെ പരാതിയുമായി നർത്തകർ
|ഡാൻസേഴ്സ് യൂണിയനിൽ അംഗത്വമുള്ള എല്ലാവർക്കും പണം നൽകിയിട്ടുണ്ടെന്ന് ചിത്രത്തിന്‍റെ നിർമ്മാണക്കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചു
പ്രഖ്യാപനം മുതൽക്കെ പ്രേക്ഷകർ കാത്തിരുന്ന വിജയ് ചിത്രം ലിയോ ഇപ്പോഴിതാ വിവാദങ്ങള്‍ കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. സിനിമയിലെ ഗാനരംഗത്തിൽ അഭിനയിച്ച പിന്നണി നർത്തകരാണ് തങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഡാൻസേഴ്സ് യൂണിയനിൽ അംഗത്വമുള്ള എല്ലാവർക്കും പണം നൽകിയിട്ടുണ്ടെന്ന് ചിത്രത്തിന്‍റെ നിർമ്മാണക്കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചു.
അതേ സമയം വിഷയത്തിൽ ചിത്രത്തിന്‍റെ നിർമ്മാണക്കമ്പനിയെ പിന്തുണച്ച് ഫിലിം എംബ്ലോയിസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ പ്രസ്താവന ഇറക്കി. അനിരുദ്ധ് ഈണമിട്ട് വിജയ് ആലപിച്ച നാൻ റെഡി എന്ന ഗാനത്തിനെതിരെയാണ് ആരോപണം. 2000 നർത്തകരാണ് വിജയ്ക്കൊപ്പം ഈ ഗാനത്തിൽ അണിനിരന്നത്. ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന റിയാസ് അഹമ്മദ് എന്ന നർത്തകനാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ചില നർത്തകർ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ഓഫീസിൽ നേരിട്ടെത്തി പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നൃത്തരംഗത്തിൽ അഭിയിച്ച 600 പേർക്ക് മാത്രമാണ് തമിഴ്നാട് ഫിലിം ടെലിവിഷൻ ഡാൻസേഴ്സ് ആൻഡ് ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വമുള്ളത്. ബാക്കി 1400 പേരെ നൃത്ത സംവിധായകൻ ദിനേഷ് മാസ്റ്റർ ഫ്രീലാൻസായി തെരഞ്ഞെടുക്കുകയായിരുന്നു.
1750 രൂപയാണ് നർത്തകർക്ക് ദിവസം പ്രതിഫലം നൽകിയത്. കരാർ പ്രകാരം 600 രജിസ്ട്രേഡ് നർത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 94,60,500 രൂപയും ആറുദിവസത്തെ കൂലിയായി 10,500 രൂപ വീതം ബാക്കിയുള്ള ഫ്രീലാൻസ് നർത്തകരുടെ അക്കൗണ്ടിലേക്കും സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിക്ഷേപിച്ചു. ലിയോ നിർമാതാക്കൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫിലിം എംബ്ലോയിസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ തങ്ങളുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.