വജ്രാഭരണങ്ങൾ ഉൾപ്പെടെ 60 പവൻ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
|പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ചെന്നൈ: സംവിധായികയും സൂപ്പർ താരം രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. നടൻ ധനുഷുമായി വേർപിരഞ്ഞശേഷംചെന്നൈയിലെ തേനാംപേട്ടിലെ സെന്റ് മേരീസ് റോഡിലുള്ള വസതിയിലാണ് ഐശ്വര്യ താമസിക്കുന്നത്.
ഡയമണ്ട് സെറ്റുകൾ,അണ്‍കട്ട് ഡയമണ്ട്, ടെമ്പിൾ ജ്വല്ലറി കളക്ഷൻ,ആന്‍റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റുകൾ, വളകൾ അടക്കം ലക്ഷക്കണക്കിന് വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഫെബ്രുവരി 27 ന് തന്റെ വീട്ടിലെ ലോക്കറിൽ നിന്ന് 60 പവനോളം വിലപിടിപ്പുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് തേനാംപേട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി.
വീട്ടിൽ ജോലി ചെയ്യുന്ന മൂന്ന് ജോലിക്കാരാണ് മോഷണം നടത്തിയതായി സംശയിക്കുന്നതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019ൽ സഹോദരി സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് അണിയാനായി വാങ്ങിയ ആഭരങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടിന്റെ ലോക്കറിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചുവെന്ന് ഐശ്വര്യ രജനികാന്ത് പരാതിയിൽ പറയുന്നു.
ചെന്നൈയിലെ സെന്റ് മേരീസ് റോഡിലെ വീട്ടിലും ധനുഷിന്റെ സിഐടി നഗർ വീട്ടിലും രജനിയുടെ പോയസ് ഗാർഡനിലുള്ള വീട്ടിലും ലോക്കറുകൾ മാറിമാറി സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. മൂന്ന് തവണ വീട് മാറിയെങ്കിലും കഴിഞ്ഞ നാല് വർഷമായി ആഭരണങ്ങൾ ലോക്കറിൽ തന്നെയാണെന്നും അത് പുറത്തെടുത്തിട്ടില്ലെന്നും ഐശ്വര്യ പറയുന്നു. ലോക്കറിന്റെ താക്കോൽ എവിടെയാണെന്ന് വീട്ടുജോലിക്കാർക്ക് അറിയാമെന്നും ഐശ്വര്യയുടെ പരാതിയിലുണ്ട്.