Entertainment
എനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് അന്ന് മനസ്സിലായി; ലൈംഗികാതിക്രമത്തിന് ശേഷം വന്ന സന്ദേശങ്ങളെകുറിച്ച് യുവനടി
Entertainment

'എനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് അന്ന് മനസ്സിലായി'; ലൈംഗികാതിക്രമത്തിന് ശേഷം വന്ന സന്ദേശങ്ങളെകുറിച്ച് യുവനടി

Web Desk
|
7 Nov 2022 2:21 PM GMT

''ആ സംഭവത്തിന് ശേഷം 1500ഓളം പെൺകുട്ടികളുടെ മെസേജുകളാണ് എനിക്ക് വന്നത്. നിങ്ങൾക്കങ്ങനെയാണ് സംഭവച്ചിതെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെയാണ് സംഭവിച്ചതെന്ന് അവർ പറയുന്നു''

കോഴിക്കോട് ഹൈലൈറ്റ് മാളിൽവെച്ചുണ്ടായ ലൈംഗികാതിക്രമത്തിന് ശേഷം തനിക്കു വന്ന സന്ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി യുവനടി. ആ സംഭവത്തിന് ശേഷം നിരവധി പെൺകുട്ടികൾ തനിക്ക് മെസേജയിച്ചിരുന്നു. അത് കണ്ടപ്പോളാണ് തനിക്കുണ്ടായ ദുരനുഭവം ഒന്നുമല്ലെന്ന് മനസ്സിലായത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. തനിക്കുണ്ടായ ദുരനുഭവം നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.

''നമുക്ക് നിർബന്ധപൂർവം ഒരാളെയും നന്നാക്കാൻ പറ്റില്ല. ഞാൻ ഇന്ന് ഇവിടെ ഇരുന്ന് സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാൻ പോകുന്നില്ല. നമ്മൾ പറഞ്ഞാൽ കേൾക്കുന്ന ഒരാളുണ്ടെങ്കിൽ അയാളെ മാറ്റാനേ കഴിയൂ. നാളെ നല്ല സുരക്ഷിതത്വം കിട്ടുമെന്ന് ആഗ്രഹിക്കാനേയാവില്ല. ആ സംഭവത്തിന് ശേഷം 1500ഓളം പെൺകുട്ടികളുടെ മെസേജുകളാണ് എനിക്ക് വന്നത്. നിങ്ങൾക്കങ്ങനെയാണ് സംഭവച്ചിതെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെയാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. അത് കണ്ടപ്പോളാണ് എനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് മനസ്സിലായത്''- ലൈംഗികാതിക്രമത്തിന് ഇരയായ നടി പറഞ്ഞു.

ഇവരാരും പരാതിപ്പെടാൻ പോയിട്ടില്ല. ഇതൊന്നും ആർക്കും അറിയാത്ത രഹസ്യങ്ങളാണെന്നും അവരോടുള്ള ബഹുമാനം കൊണ്ട് തനിക്കത് പരസ്യപ്പെടുത്താനാവില്ലെന്നും നടി കൂട്ടിച്ചേർത്തു. ഒരു ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴായിരുന്നു നടിക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നൊരാൾ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്നും നടി പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു. കൂടെ ഉണ്ടായ ഒരു സഹപ്രവർത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായും പിന്നീട് അവർ പ്രതികരിച്ചതായും നടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിപ്പാണ് അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു.

Similar Posts