വാളയാർ പരമശിവവും സി.ഐ.ഡി മൂസയും തിരിച്ചുവരാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ദിലീപ്
|ഈ രണ്ട് കഥാപാത്രങ്ങൾ വീണ്ടുമെത്തുന്നത് കാണാൻ പ്രേക്ഷകർ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് ദിലീപ്
മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രങ്ങളാണ് റൺവേയും സി.ഐ.ഡി മൂസയും. വാളയാർ പരമിശിവവും മൂലങ്കുഴി സഹദേവനും എന്ന് തിരിച്ച് വരുമെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രേക്ഷകരുടെ മനം കവർന്ന ഈ രണ്ട് കഥാപാത്രങ്ങൾ തിരിച്ചുവരാത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ദിലീപ്. അദ്ദേഹത്തിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധായകനായെത്തുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
''ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷണയും സിബി കെ തോമസുമൊക്കെ പിരിഞ്ഞു പോയി. അവരെ ഒന്നിപ്പിക്കാൻ വേണ്ടി പുറകെ നടക്കുകയാണ് ഞാനും ജോണിയും ജോഷി സാറുമൊക്കെ''- ദിലീപ് പറഞ്ഞു. ഈ രണ്ട് കഥാപാത്രങ്ങൾ വീണ്ടുമെത്തുന്നത് കാണാൻ പ്രേക്ഷകർ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് സിനിമയ്ക്കു വേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു. സി.ഐ.ഡി മൂസ തിരിച്ചുവരണമെന്ന് എല്ലാവരെയും പോലും താനും ആഗ്രിഹിക്കുന്നുണ്ടെന്ന് സംവിധായകൻ ജോണി ആന്റണിയും ഒരിക്കൽ വ്യക്തമാക്കിയിരുന്നു.
ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നാണ് ഈ രണ്ട് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയത്. നേരത്തെ ചിത്രങ്ങളുടെ രണ്ടാംഭാഗം വരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് മറ്റു വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. ജോഷിയാണ് 2004 ൽ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റൺവേ ഒരുക്കിയത്. ദിലീപിന്റെ കരിയറിൽ തന്നെ നിർണായക വഴിത്തിരവായി മാറിയ ചിത്രമാണ് ജോണി ആന്റണിയുടെ സി.ഐ.ഡി മൂസ.
പറക്കും പപ്പൻ എന്ന സിനിമയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. 'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ. 2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നുള്ള ആദ്യ നിർമാണ സംരംഭം കൂടിയാണ് പറക്കും പപ്പൻ. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിട്ടേക്കും. മലയാളത്തിൽ നിന്നും മിന്നൽ മുരളിയ്ക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം എത്തുകയാണ്. മാസ് പരിവേഷമുണ്ടെങ്കിലും റാഫി തിരക്കഥ ഒരുക്കുന്നതിനാൽ കോമഡി ട്രാക്കിലാകും കഥ വികസിക്കുന്നത്.