'എന്റെ പേരില്‍ ഒരു ജാതിയും ഇല്ല, ഓജസ് ഈഴവന് എന്നത് പുതിയ പേര്'; നവ്യ നായര്‍
|ഓജസ് ഈഴവന് എന്നത് സാധാരണ ആരും ഇടാത്ത പുതിയൊരു പേരല്ലേയെന്നും തന്റെ ചോദ്യം ആ പേര് ഒറ്റക്കിട്ടതല്ലേയെന്നുമായിരുന്നുവെന്നും നവ്യ
ടെലിവിഷന്‍ പരിപാടിക്കിടയിലെ സംഭവത്തിലും പേരിലെ ജാതി വാലിലും പ്രതികരണവുമായി നടി നവ്യ നായര്‍. തനിക്ക് നവ്യ നായര്‍ എന്ന പേരിട്ടത് സിബി മലയില്‍ ആണെന്നും തന്റെ യഥാര്‍ത്ഥ പേര് ധന്യ വീണ എന്ന് തന്നെയാണെന്നും നവ്യ പറഞ്ഞു. പാസ്പോര്‍ട്ടിലും ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും പാന്‍ കാര്‍ഡിലും ധന്യ വീണ എന്നാണെന്നും ഒരു ജാതിയും അതിലില്ലെന്നും നവ്യ പറഞ്ഞു. 'ജാനകി ജാനേ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണ്‍ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് താരം വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചത്.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയിലെ പരാമര്‍ശം വിവാദമായതിലും നവ്യ പ്രതികരിച്ചു. ഓജസ് ഈഴവന് എന്നത് സാധാരണ ആരുമിടാത്ത പുതിയൊരു പേരല്ലേയെന്നും തന്റെ ചോദ്യം ആ പേര് ഒറ്റക്കിട്ടതല്ലേയെന്നുമായിരുന്നുവെന്നും നവ്യ പറഞ്ഞു.
'ആ പയ്യന് 25 വയസ്സാണ്, അവന് ആ പേര് 25 വര്‍ഷം മുമ്പ് ഇട്ടിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു ചിന്ത അവന്റെ അച്ഛനമ്മമാര്ക്കുണ്ടെങ്കില് അതിനെ കുറിച്ച് പറയാന്‍ വേണ്ടിയിട്ടാണ് അന്നങ്ങനെ പറഞ്ഞത്. ആ ഒരു ചിന്ത മാത്രമേ ആ ചോദ്യത്തിലുണ്ടായിരുന്നുള്ളൂ. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്ക് എന്ത് മറുപടി പറയാനാണ്'; നവ്യ പറഞ്ഞു.
'എന്റെ പേര് ഓജസ് ഈഴവന്, എന്‍എസ്എസ് കോളജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്', എന്നായിരുന്നു മത്സരാര്‍ത്ഥി പറഞ്ഞത്. 'ഓജസ് ഈഴവന്, അങ്ങനെ പേരിടുമോ', എന്നായിരുന്നു മുകേഷിന്റെ ചോദ്യം.
'പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന് എന്നുമിടാം', എന്നാണ് ഓജസ് മറുപടി നല്‍കിയത്. 'അങ്ങനെ ഇടാം എന്നാലും നമ്മള് അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്', എന്നാണ് ഇതിനോട് മുകേഷ് പ്രതികരിച്ചത്. സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും പരിപാടിയില്‍ ചോദിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ നവ്യ നായര്‍ക്കും മുകേഷിനുമെതിരെ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.