"ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ഒരു തെറ്റുമില്ല, ഭാവനയെ അതിഥിയായി ക്ഷണിച്ചത് ഞാന്‍"; ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്
|ചലച്ചിത്ര ലോകത്തെ പലരും ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞിരുന്നതായി രഞ്ജിത്ത്
നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. സുഹൃത്ത് സുരേഷ് കൃഷ്ണക്കൊപ്പമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്. ദിലീപിനെ കാണാൻ പ്ലാൻ ചെയ്ത് ജയിലിൽ പോയതല്ലെന്നും ജയിലിന് പുറത്തുനിൽക്കാമെന്നാണ് ആദ്യം കരുതിയതെന്നും രഞ്ജിത്ത് മീഡിയവണിനോട് പറഞ്ഞു. ജയിലിന് പുറത്ത് ചാനലുകളെ കണ്ടപ്പോഴാണ് അകത്തേക്ക് കയറാൻ തീരുമാനിച്ചത്. പത്ത് മിനിറ്റാണ് അവിടെ ചിലവഴിച്ചത്. ജയിലില്‍ കയറി സൂപ്രണ്ടിനോടാണ് കൂടുതല്‍ സംസാരിച്ചത്. അത് തന്നെ ജയിലില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. ഇതിനിടയില്‍ ദിലീപിനോട് രണ്ട് വാക്ക് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ദിലീപിനെ വര്‍ഷങ്ങളായി അറിയാമെന്നും താന്‍ സംവിധാനം ചെയ്ത ഒരു സിനിമയിലും സ്ക്രിപ്റ്റ് എഴുതിയ ഒന്നോ രണ്ടോ സിനിമകളിലും ദിലീപ് അഭിനയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര ലോകത്തെ പലരും ആ സമയത്ത് ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞിരുന്നതായും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലെ വിലകുറഞ്ഞ വഷളത്തരങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ഭാവനയെ ചലച്ചിത്രമേളയില്‍ അതിഥിയായി ക്ഷണിച്ചത് സാംസ്കാരിക നയമാണെന്നും താന്‍ മുന്‍കൈയ്യെടുത്താണ് ഭാവനയെ കൊണ്ടുവന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ഭാവനയുടെ സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിലെ നടി ഭാവനയുടെ സാന്നിധ്യം ചലച്ചിത്ര അക്കാദമിക്കും സര്‍ക്കാരിനും വലിയ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. ഇന്നലെ വൈകീട്ട് ആറിന് തിരുവനന്തപുരത്തെ നിശാഗന്ധി തിയറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവനയെത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമായിരുന്നു സദസ് താരത്തെ വരവേറ്റത്.