'അമല്‍ നീരദിനെ കൊണ്ട് ആ പാട്ട് പാടിക്കാന്‍ പ്ലാനുണ്ടായിരുന്നു'; പിന്നാമ്പുറ കഥ പറഞ്ഞ് സുഷിന് ശ്യാം
|രോമാഞ്ചത്തിലെ 'ആത്മാവേ പോ...' എന്ന ഗാനം താന്‍ തന്നെ പാടണമെന്നത് നിര്‍മാതാവായ ജോണ്‍ പോള്‍ ജോര്‍ജിന്റെ നിര്‍ബന്ധമായിരുന്നുവെന്ന് സുഷിന്
വരത്തനിലെ 'ഒടുവിലെ തീയായി...' എന്ന ഗാനം സംവിധായകന് അമല്‍ നീരദിനെ കൊണ്ട് പാടിപ്പിക്കാന്‍ പ്ലാനുണ്ടായിരുന്നെന്ന് സംഗീത സംവിധായകന് സുഷിന് ശ്യാം. അമല്‍ നീരദ് പക്ഷേ നാണത്തോടെ ഇല്ലായെന്ന് പറഞ്ഞു. പാട്ടിന്റെ കമ്പോസിങ്ങിനിടെ അമല്‍ നീരദ് മൂളൂന്നതൊക്കെ കേള്‍ക്കാം. ആ ഗാനത്തിന് ഇത്തിരി ഡീപ്പ് സൗണ്ട് വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതായും അവസാനം താന്‍ തന്നെ ആ ഗാനം പാടിയതായും സുഷിന് ശ്യാം പറഞ്ഞു. 'ക്യൂ സ്റ്റുഡിയോ'ക്ക് നല്കിയ അഭുമുഖത്തിലാണ് സുഷിന് ശ്യാം പാട്ട് നിര്‍മാണത്തിലെ അറിയാക്കഥകള്‍ പങ്കുവെച്ചത്.
രോമാഞ്ചത്തിലെ 'ആത്മാവേ പോ...' എന്ന ഗാനം താന്‍ തന്നെ പാടണമെന്നത് നിര്‍മാതാവായ ജോണ്‍ പോള്‍ ജോര്‍ജിന്റെ നിര്‍ബന്ധമായിരുന്നുവെന്നും സുഷിന് പറഞ്ഞു. ആ ഗാനത്തിന് എന്റെ ശബ്ദം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. മറ്റൊരു വേര്‍ഷന്‍ ജോണിന് ഇഷ്ടമായില്ല. അങ്ങനെയാണ് തന്റെ വേര്‍ഷന്‍ ആ ഗാനത്തിന്റെ ശബ്ദമായി വരുന്നതെന്നും സുഷിന് പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്ക്വാഡ്' ആണ് സുഷിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം. സൗബിന് ഷാഹിര്‍, അമല്‍ നീരദ് എന്നീവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും സുഷിന് സംഗീതം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.