Entertainment
അവർക്ക് ചോദ്യങ്ങളൊന്നുമില്ല;  ബെലാ താറിന്‍റെ മീറ്റ് ദ ഡയറക്ടര്‍ പരിപാടിക്കിടെ രഞ്ജിത്ത് ഇറങ്ങിപ്പോയി
Entertainment

'അവർക്ക് ചോദ്യങ്ങളൊന്നുമില്ല'; ബെലാ താറിന്‍റെ മീറ്റ് ദ ഡയറക്ടര്‍ പരിപാടിക്കിടെ രഞ്ജിത്ത് ഇറങ്ങിപ്പോയി

Web Desk
|
18 Dec 2022 10:15 AM GMT

കാണികള്‍ക്ക് ഒരു ചോദ്യങ്ങളും ഇല്ലെന്ന് പറഞ്ഞാണ് രഞ്ജിത്ത് സ്വയം നന്ദി പ്രസംഗം നടത്തി വേദിയില്‍ നിന്നും ഇറങ്ങിയത്

ചലച്ചിത്ര മേളയില്‍ ലോക പ്രശസ്ത സംവിധായകന്‍ ബെലാ താറിന്‍റെയും ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരന്‍റെയും സംഭാഷണത്തിനിടെ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇറങ്ങി പോയി. സംഭാഷണത്തിന് ശേഷം കാണികളില്‍ നിന്നും ചോദ്യം ക്ഷണിച്ച ഉടനെയാണ് രഞ്ജിത്ത് നന്ദി പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി പോയത്.

കാണികള്‍ക്ക് ഒരു ചോദ്യങ്ങളും ഇല്ലെന്ന് പറഞ്ഞാണ് രഞ്ജിത്ത് സ്വയം നന്ദി പ്രസംഗം നടത്തി വേദിയില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ കാണികള്‍ക്ക് ചോദ്യങ്ങളുണ്ടെന്ന് പറഞ്ഞ് ബെലാ താറും സി.എസ് വെങ്കിടേശ്വരനും വേദിയില്‍ കാത്തിരുന്നു. ഇത് സംബന്ധിച്ച് സംവിധായകന്‍ ഡോണ്‍ പാലത്തറയും എഴുത്തുകാരന്‍ ആര്‍.പി ശിവകുമാറും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഡിസംബര്‍ 15ന് ടാഗോര്‍ തിയറ്ററില്‍ നടന്ന 'മീറ്റ് ദ ഡയറക്ടര്‍' പരിപാടിയില്‍ ആണ് ബെലാ താര്‍ പങ്കെടുത്തത്. സി.എസ് വെങ്കിടേശ്വന്‍ ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.

ഡോണ്‍ പാലത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഐ.എഫ്.എഫ്.കെയിലെ ഏറ്റവും പ്രിയപ്പെട്ട മൊമന്‍റ്:

ബെലാ താറുമായുള്ള സി.എസ് വെങ്കിടേശ്വരന്‍റെ സംഭാഷണം വളരെ രസകരമായി നടക്കുകയാണ്, സമയം തീരാറായി, കാണികൾക്ക് എന്തെങ്കിലും ചോദിക്കാൻ കാണും എന്ന് പറഞ്ഞ് സി.എസ് വെങ്കിടേശ്വന്‍ മൈക്ക് കാണികൾക്ക് കൈമാറാൻ തുടങ്ങുന്നു. വേദിയിൽ തന്നെ ഇരിക്കുന്ന ഫെസ്റ്റിവൽ ഡയറക്ടർ രഞ്ജിത്ത് മൈക്ക് വാങ്ങുന്നു. "They don't have any questions" എന്ന് പറഞ്ഞ് സ്വയം നന്ദി പ്രസംഗം പറഞ്ഞ് അവസാനിപ്പിക്കാൻ തുടങ്ങുന്നു. പ്രസംഗം കഴിഞ്ഞ് മൈക്ക് തിരികെ സി.എസ് വെങ്കിടേശ്വന് കൈമാറുന്നു. സി.എസ് വെങ്കിടേശ്വനും താറും, കാണികൾക്ക് ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കാണികൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു. രഞ്ജിത്ത് വേദിയിൽ നിന്ന് ഇറങ്ങി പോകുന്നു.

ആര്‍.പി ശിവകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വേദിയിൽ ബെലാ താറുമായി സംഭാഷണം നടക്കുകയാണ്. സി എസാണ് അഭിമുഖകാരൻ. ചോദ്യങ്ങൾ കഴിഞ്ഞ് പ്രേക്ഷകർക്കുള്ള അവസരമാണെന്ന് സി.എസ് വെങ്കിടേശ്വരൻ പറയുകയും ഒരാൾ സദസ്സിൽനിന്ന് കൈപൊക്കുകയും ചെയ്ത ഉടൻ വേദിയിലുണ്ടായിരുന്ന രഞ്ജിത് മൈക്കെടുത്ത് ശുദ്ധമലയാളത്തിൽ ബെലാതാറിനും അദ്ദേഹത്തെ വച്ചുള്ള പരിപാടിക്ക് കാരണക്കാരിയായ ദീപികാ സുശീലനും നന്ദി പറഞ്ഞിട്ട് ഇറങ്ങിപ്പോയി. കണ്ടാൽ സദസ്യരെ ചോദ്യങ്ങൾക്കായി ക്ഷണിച്ചത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല എന്നാണ് തോന്നുക. വ്യക്തവും കാര്യ മാത്ര പ്രസക്തവുമായ ചോദ്യങ്ങൾകൊണ്ട് പരിപാടിയെ സമ്പന്നമാക്കിയിരുന്ന സി.എസിന് നന്ദിയില്ലെന്നു മാത്രമല്ല, രഞ്ജിത് പരാമർശിച്ചു കൂടിയില്ല. അതല്ല, വിശിഷ്ടാതിഥി വേദിയിലിരിക്കുമ്പോൾ , സദസ്സിലുള്ളവർക്ക് ചോദ്യം ചോദിക്കാമെന്ന് അഭിമുഖകാരൻ പറഞ്ഞ ഉടനെ, അവിടെ പ്രത്യേക റോളൊന്നും ഇല്ലാത്ത ഒരാൾ, തികച്ചും മര്യാദയില്ലാത്ത പ്രവൃത്തി എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നുന്ന രീതിയിൽ പെരുമാറിയതെന്തിനായിരുന്നു? ഈ പോസ്റ്റ് രഞ്ജിത് ബാഷിങ്ങിന്റെ ഭാഗമല്ല .. എന്നാലും അരവിന്ദൻ സ്മാരക പ്രഭാഷണവേദിയിൽ വച്ച് അദ്ദേഹം ചെയ്തതെന്താണ്, എന്തിനാണെന്നൊരു വിചാരം കാര്യമായുണ്ട്. ചിലപ്പോൾ ആബ്സെന്റ് മൈൻഡ് കൊണ്ടാകാം.. അല്ലാതെയുമാകാം.

Similar Posts