'ഈ പുരസ്കാരം എന്റെ സച്ചിയേട്ടന്'; ഫിലിം ഫെയര്‍ അവാര്‍ഡ് നേട്ടത്തില്‍ ഗൗരി നന്ദ
|മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം നാല് ഫിലിം ഫെയര്‍ പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയത്
67-മത് ഫിലിം ഫെയർ സൗത്ത് പുരസ്കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടി ഗൗരി നന്ദ. തന്റെ സ്വപ്നങ്ങളിലൊന്നാണ് സാധ്യമായത് എന്നും സച്ചി ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ലെന്നും ഗൗരി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗൗരി നന്ദ തന്റെ സന്തോഷം പരസ്യമാക്കിയത്.
'സ്വപ്നങ്ങളിലൊന്ന് സഫലമായ നിമിഷം. അവസാനം ഈ കറുത്ത സുന്ദരി എന്റെ കൈകളിലെത്തി. ഫിലിം ഫെയറിന് നന്ദി. സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരമാണ്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ മുഴുവൻ ടീമിനും നന്ദി. മികച്ച സഹനടിയായി കണ്ണമ്മയ്ക്കുള്ള പുരസ്കാരം'-ഗൗരി നന്ദ കുറിച്ചു.
അയ്യപ്പനും കോശിയും ചിത്രത്തിൽ വളരെ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രമായിരുന്നു കണ്ണമ്മ. മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം നാല് ഫിലിം ഫെയര്‍ പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയത്. അയ്യപ്പനും കോശിയും സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ബിജു മേനോന് സ്വന്തമാക്കി. സിനിമയിലെ 'അറിയാതറിയാതറിയാ നേരത്ത്...' എന്ന ഗാനം എഴുതിയ റഫീഖ് അഹമ്മദിനാണ് മികച്ച വരികള്‍ എഴുതിയതിനുള്ള പുരസ്കാരം.
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ അഭിനയത്തിലൂടെ നിമിഷ സജയനാണ് മലയാളത്തിലെ മികച്ച നടി. മികച്ച സഹനടനായി 'നായാട്ട്' എന്ന സിനിമയിലെ പ്രകടനത്തിന് ജോജു ജോര്‍ജും അര്‍ഹനായി. 'തിങ്കളാഴ്ച നിശ്ചയം' സംവിധാനം ചെയ്ത സെന്ന ഹെഗ്ഡെയാണ് മികച്ച സംവിധായകന്. 'സൂഫിയും സുജാത'യിലൂടെ എം ജയചന്ദ്രന് മികച്ച സംഗീത സംവിധായകനായി. 'ആകാശമായവളെ...' എന്ന 'വെള്ളം' സിനിമയിലെ ഗാനം ആലപിച്ച ഷഹബാസ് അമനും മാലിക് സിനിമയിലെ 'തീരമേ...' എന്ന ഗാനത്തിലൂടെ കെ.എസ് ചിത്രയും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.