ബാബു ആന്‍റണിയുടെ മെസേജ്, മുഖ്യമന്ത്രിയുടെ സഹായം; ഇത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് ഹരീഷ് പേരടി
|മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിത്സ കിട്ടുമെന്നും ശുപാർശ ചെയ്യാൻ പ്രമുഖർ വേണമെന്നുള്ള തെറ്റായ സന്ദേശമാണ് വാർത്ത നല്‍കുന്നതെന്ന് ഹരീഷ് പേരടി
നടന്‍ ബാബു ആന്‍റണിയുടെ സന്ദേശം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് കോവിഡ് രോഗിക്ക് ചികിത്സ ഉറപ്പാക്കിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിത്സ കിട്ടുമെന്നും ശുപാർശ ചെയ്യാൻ ഏതെങ്കിലും പ്രമുഖർ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാർത്ത നല്‍കുന്നതെന്നാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. വാർത്ത ശരിയാണെങ്കിൽ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
"ആരുമില്ലാത്ത ഒരുപാട് കോവിഡ് രോഗികൾ ഇനിയും ബാക്കിയുണ്ട്. ഇവർക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിത്സ കിട്ടുമെന്നും ശുപാർശ ചെയ്യാൻ ഏതെങ്കിലും പ്രമുഖർ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാർത്ത എന്നിൽ ഉണ്ടാക്കിയത്. ഈ വാർത്ത ശരിയാണെങ്കിൽ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേർന്നതല്ല. ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കിൽ മുഖ്യമന്ത്രിയുടെ നമ്പർ പരസ്യമാക്കുക. എല്ലാ പാവപ്പെട്ടവർക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങൾ അയക്കാമല്ലോ. ചെറുപ്പത്തിൽ വായിച്ച നല്ലവനായ രാജാവിന്‍റെ കഥയാണ് എനിക്കൊർമ്മ വന്നത്" എന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.
സംഭവം ഇങ്ങനെയാണ്- ബാബു ആന്‍റണിയുടെ ആരാധികയായ കൊല്ലം സ്വദേശിനി കോവിഡ് ബാധിച്ചെന്നും ഒട്ടും വയ്യെന്നും അദ്ദേഹത്തിന് മെസേജ് അയച്ചു. "ദൈവം എനിക്കൊന്നും വരുത്തല്ലേയെന്നു പ്രാർഥിക്കുകയാണ് ഞാൻ. സംസാരിക്കാനും ശ്വാസമെടുക്കാനും പറ്റുന്നില്ല. എപ്പോഴും ചൂടുവെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മോൾക്കു ഞാൻ മാത്രമേയുള്ളൂ. അവൾക്കു മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് അവളുടെ അച്ഛൻ. എനിക്കെന്തെങ്കിലും പറ്റിയാൽ മോൾക്കു ആരുമില്ലാതായിപ്പോകും" എന്നായിരുന്നു ആരാധികയുടെ സന്ദേശം.
യുവതിയുടെ സന്ദേശം താന്‍ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തെന്നാണ് ബാബു ആന്‍റണി പറഞ്ഞത്. അരമണിക്കൂറിനകം യുവതിയെ തേടി കളക്ടറുടെയും സംഘത്തിന്റെയും അന്വേഷണമെത്തി. ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ഇപ്പോൾ സുഖം പ്രാപിക്കുകയാണെന്നും ബാബു ആന്‍റണി വിശദീകരിച്ചു.
ഒരു പരിചയവുമില്ലാത്ത മുഖ്യമന്ത്രിക്ക് നമ്പര്‍ സംഘടിപ്പിച്ച് സന്ദേശം അയക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ലെന്നാണ് ബാബു ആന്‍റണി പറഞ്ഞത്. പക്ഷേ നിമിഷങ്ങൾക്കകം മുഖ്യമന്ത്രി ഇടപെട്ടു. അങ്ങനെ ഒരു ജീവന്‍ രക്ഷിക്കാനായെന്നും ബാബു ആന്‍റണി പ്രതികരിച്ചു.
ആരുമില്ലാത്ത ഒരു പാട് കോവിഡ് രോഗികൾ ഇനിയും ബാക്കിയുണ്ട്..ഇവർക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിൽസ...
Posted by Hareesh Peradi on Sunday, May 30, 2021