'ഇതിലേതാ ശരിക്കും ഞാൻ'; ഗിന്നസ് പക്രുവിനെ വിസ്മയിപ്പിച്ച ആ സമ്മാനം ഇതാണ്- വീഡിയോ
|''കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷം''- ഗിന്നസ് പക്രു
മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രുവിന് പിറന്നാൾ ദിനത്തിൽ ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചിരിക്കുകയാണ്. ഇതു കണ്ട് കാഴ്ച്ചക്കാരും അത്ഭുതപ്പെടുമെന്നതിൽ സംശയമില്ല. കലാകാരനായ ഹരികുമാർ കുമ്പനാട് നിർമിച്ച പക്രുവിന്റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് പ്രതിമ അനാഛാദനം ചെയ്തത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ സാക്ഷാൽ ഗിന്നസ് പക്രു തന്നെയാണെന്ന് പറയും. വേദിയിലെത്തിയ പക്രുവിന്റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാഴ്ചക്കാരും ഒന്ന് ആശ്ചര്യപ്പെട്ടു. ഇതിലേതാ ഒറിജിനൽ എന്നായി പിന്നീട് ചോദ്യം.
പക്രുവിന്റെ ആരാധകനും ശിൽപിയുമാണ് ഹരികുമാർ. കോട്ടയം പ്രസ് ക്ലബ്ബിൽ ഗിന്നസ് പക്രു തന്നെയാണ് പ്രതിമ അനാഛാദനം ചെയ്തത്. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിയതെന്ന് ഗിന്നസ് പക്രു വ്യക്തമാക്കി.
''ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓണം നാളിൽ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ഹരികുമാർ അത്ഭുതപ്പെടുത്തി.''-ഗിന്നസ് പക്രു പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമിച്ചിട്ടുണ്ട്.