"കലയിലൂടെയും സിനിമയിലൂടെയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ എളുപ്പം, ഇത് ഒരുമിച്ചു നില്‍ക്കേണ്ട സമയം": എ.ആർ റഹ്മാൻ
|"വൈവിധ്യങ്ങള്‍ ആഘോഷിക്കേണ്ട ഐക്യം കാണിക്കാനുള്ള സമയമാണിത്"
ചെന്നൈ: കലയിലൂടെ ആളുകളെ ഭിന്നിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് ഓസ്‌കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ.റഹ്‍മാന്‍. ഭിന്നതകൾ തീർത്ത് ഒന്നിക്കേണ്ട സമയമാണിതെന്നും റഹ്‍മാന്‍ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ദക്ഷിണേന്ത്യന്‍ മാധ്യമ വിനോദ സമ്മേളനത്തില്‍ ഐക്കണ്‍ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു റഹ്‍മാന്‍. തെക്ക്-വടക്ക് വിഭജന രാഷ്ട്രീയത്തിനെതിരെയും എ.ആര്‍ റഹ്‍മാന്‍ തുറന്നടിച്ചു. ഏഴ് വർഷം മുമ്പ് മലേഷ്യയിൽ നടന്ന സംഭവം അനുസ്മരിച്ചാണ് റഹ്‍മാന്‍ ഇതിലെ പ്രതികരണം അറിയിച്ചത്.
"ഏകദേശം ഏഴ് വർഷം മുമ്പ് മലേഷ്യയിൽ പോയിരുന്നു. അവിടെ വെച്ചൊരു ചൈനീസ് മനുഷ്യന്‍ എന്നോട് പറഞ്ഞു, 'നിങ്ങൾ ഇന്ത്യയിൽ നിന്നാണോ?' എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്, എനിക്ക് വടക്കേ ഇന്ത്യയാണ് കൂടുതൽ ഇഷ്ടം, അവർ കൂടുതൽ ഭംഗിയുള്ളവരാണ്, അവരുടെ സിനിമകൾ കൂടുതൽ ആകർഷകമാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ ചൈനീസ് മനുഷ്യന്‍റെ പ്രതികരണം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. അദ്ദേഹം ശരിക്കും ദക്ഷിണേന്ത്യന്‍ സിനിമകള്‍ കണ്ടിരുന്നെങ്കില്‍ എന്തിനായിരിക്കും അത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുക- എ.ആര്‍. റഹ്‍മാന്‍ ചോദിച്ചു.
"ഈ സംഭവം എന്നെ വല്ലാതെ അസ്വസ്ഥമാക്കി. എല്ലാ നിറങ്ങളിലുള്ളവരെയും സിനിമകളിലേക്ക് തെരഞ്ഞെടുക്കുകയും അവര്‍ക്ക് ശക്തവും മാന്യവുമായ കഥാപാത്രങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഇതിനെതിരെ ചെറുക്കാന്‍ സാധിക്കൂവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദക്ഷിണേന്ത്യയിലെ മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാനപ്പെട്ട കാര്യമാകുമത്, എന്തെന്നാല്‍ നമ്മള്‍ നമ്മുടെ നിറത്തെ ഇഷ്ടപ്പെടുന്നു"- റഹ്മാന്‍ തുടര്‍ന്നു. ദക്ഷിണേന്ത്യയായാലും ഉത്തരേന്ത്യയായാലും ഇന്ത്യ ഇന്ത്യയാണെന്നും റഹ്മാൻ വ്യക്തമാക്കി.
"നെറ്റ്ഫ്ലിക്സ് നോക്കിയാല്‍ മലയാളം, തമിഴ്, അതല്ലാത്തതുമായ സിനിമകള്‍ ആസ്വദിക്കുന്നവരെ കാണാം. അവിടെ അതിര്‍ത്തികള്‍ തകര്‍ക്കപ്പെടുന്നു. പക്ഷേ നമ്മള്‍ നമ്മെ തീര്‍ച്ചയായും സ്വയം ശാക്തീകരിക്കണം. കലയിലൂടെ അത് വളരെ എളുപ്പമാണ്"- റഹ്‍മാന്‍ പറഞ്ഞു.
കലയിലൂടെയും സിനിമയിലൂടെയും ആളുകളെ ഭിന്നിപ്പിക്കാൻ വളരെ എളുപ്പമാണെന്നും ഇത് ഒന്നിക്കേണ്ട സമയമാണെന്നും പറഞ്ഞ റഹ്‍മാന്‍ വൈവിധ്യങ്ങള്‍ ആഘോഷിക്കേണ്ട ഐക്യം കാണിക്കാനുള്ള സമയമാണിതെന്നും അങ്ങനെ കൂടുതൽ ശക്തരാകാനും ലോകത്തെ നയിക്കാനും നമുക്ക് കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
This is the time to unite: AR Rahman