'ദിസ് ഈസ് റാങ്, ഉണ്ണിമുകുന്ദന്‍ പറ്റിച്ചു, പെണ്ണുങ്ങള്‍ക്ക് മാത്രം പ്രതിഫലം'; ആഞ്ഞടിച്ച് ബാല
|ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പണം നല്‍കിയതായും സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ബാല
'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും നിര്‍മാതാവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. തനിക്ക് പ്രതിഫലം നല്‍കിയില്ലെങ്കിലും കുഴപ്പമില്ല അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കെങ്കിലും പണം നല്‍കണമെന്നും ബാല ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല നിര്‍മാതാവായ ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ചത്.
ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പണം നല്‍കിയതായും സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ബാല പറയുന്നു. സംഭവം ഇടവേള ബാബുവിനോട് പറഞ്ഞപ്പോള്‍ പരാതി നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ബാല അറിയിച്ചു. എന്നാല്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ബാല, ഉണ്ണി മുകുന്ദന്‍ നന്നാവണമെന്ന ആഗ്രഹം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി.
ഞാൻ ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദൻ. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ട, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു. എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മിക്കാന്‍ നില്‍ക്കണ്ടെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത 'ഷെഫീക്കിന്‍റെ സന്തോഷം' നവംബർ 25 നാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവന്‍റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും പ്രണയവും ഒക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. 'മേപ്പടിയാന്‍' സിനിമക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം' . മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്.