'ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുപാട് ധൈര്യം വേണം'- പ്രതികരണവുമായി ശില്‍പ്പ ഷെട്ടി
|രാജ് കുന്ദ്രയ്ക്ക് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചപ്പോഴും താരം പ്രതികരിച്ചിരുന്നു
നീലച്ചിത്ര നിർമാണ കേസില്‍ രാജ് കുന്ദ്ര ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടിയും ഭാര്യയുമായ ശില്പ ഷെട്ടി. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുപാട് ധൈര്യം വേണമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരുപാട് ധൈര്യം വേണം , പക്ഷെ തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും'- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പം മാനസികാരോഗ്യത്തെക്കുറിച്ചുള്ള കുറിപ്പും ശില്പ ഷെട്ടി പങ്കുവെച്ചു.
രാജ് കുന്ദ്രയ്ക്ക് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചപ്പോഴും താരം പ്രതികരിച്ചിരുന്നു. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി റോജർ ലീയുടെ ഉദ്ധരണി തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ഒരു മോശം കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ മഴവില്ലുകൾ മതിയെന്ന് താരം കുറിച്ചു.
മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ചൊവ്വാഴ്ചയാണ് രാജ് കുന്ദ്ര മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അശ്ലീല സിനിമകൾ സൃഷ്ടിക്കുകയും ചില ആപ്പുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്രയുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ റയാൻ തോർപ്പിനും കോടതി ജാമ്യം അനുവദിച്ചു. കേസില്‍ കഴിഞ്ഞയാഴ്ച്ച മുംബൈ പൊലീസ് 1400 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.