Entertainment
Todays Top Twitter News
Entertainment

ഓവലിൽ ബി.ജെ.പി പതാക, വേദിയില്‍ പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ഥ്; ഇന്ന് ട്വറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

Web Desk
|
9 Jun 2023 2:19 PM GMT

ഇന്നത്തെ പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍

ഓവലിൽ ബി.ജെ.പി പതാക; വ്യാപക വിമർശനം

ലണ്ടൻ: ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ പാർട്ടി പതാകയുമായി ബി.ജെ.പി പ്രവർത്തകർ. കെന്നിങ്ടൺ ഓവലിലാണ് ഇന്ത്യൻ ടീമിന് പിന്തുണയുമായി ബി.ജെ.പി ആരാധകർ പതാക വീശുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം, ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുകയാണ്.

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലാണ് മത്സരമെന്ന് ഓർമിപ്പിക്കുകയാണെന്ന് ചിത്രം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകർ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു. ദേശീയപതാക ഉയരേണ്ടിടത്ത് പാർട്ടി പതാകയുമായി എത്തുന്നത് ശരിയല്ലെന്നും ഇത്തരം വേദികളിൽ ഇത് അനുവദിക്കരുതെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് സംഘ്പരിവാറുകാരെന്നും അതിന്റെ തുടർച്ചയാണിതെന്നും മറ്റൊരാൾ വിമർശിച്ചു.

അതേസമയം, ഇതേ ഗാലറിയിൽ ഒരുവിഭാഗം കാണികൾ രാഹുൽ ഗാന്ധിയുടെ ചിത്രവുമായെത്തിയത് കാണിച്ചാണ് ബി.ജെ.പി അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിത്രം അടങ്ങിയ ബാനറിൽ ഇന്ത്യൻ ടീമിന് ആശംസ നേരുന്ന ചിത്രമാണ് വൈറലാകുന്നത്. ബാനറിൽ ഭാരത് ജോഡോ യാത്രയും ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അവിസ്മരണീയമായ ചെറുത്തുനിൽപ്പിൽ ഇന്ത്യ ഫോളോഓൺ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ്.

പതിനായിരങ്ങള്‍ സാക്ഷി: കരീം ബെൻസേമയെ അവതരിപ്പിച്ച് അൽ ഇത്തിഹാദ്

ജിദ്ദ: ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ഔദ്യോഗികമായി ചേർന്നു. സൗദിയിലെ ജിദ്ദയിൽ നടന്ന പ്രസന്റേഷൻ ചടങ്ങിൽ അറുപതിനായിരത്തോളം കായികപ്രേമികൾക്കിടയിയിലായിരുന്നു ചടങ്ങ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെൻസേമ ഒപ്പുവച്ചിരിക്കുന്നത്.

സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. മുപ്പത്തിയഞ്ചുകാരനായ ബെൻസമേ റയൽ മാഡ്രിഡിലെ പതിനാല് വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്. 2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്.

ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.

ഉയിരിനെയും ഉലകത്തേയും നെഞ്ചോട് ചേർത്ത് നയൻതാരക്കും വിഘ്നേഷ് ശിവനും ഒന്നാം വിവാഹ വാർഷികം

മുംബൈ: ഒന്നാം വിവാഹ വാർഷികത്തിൽ ഉയിരിനെയും ഉലകത്തേയും നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേഷ് ശിവനും. ഹാപ്പി ആനിവേഴ്സറി എന്നെഴുതിയ ഗ്ലാസിന് അഭിമുഖമായി നില്‍ക്കുന്ന ഇരട്ടകുട്ടികളുടെ ചിത്രമാണ് നയന്‍താര ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഉയിര്‍, ഉലകം എന്ന ഓമനപേരിലാണ് അറിയപ്പെടുന്ന വിഘ്നേഷ് ശിവൻ-നയൻതാര ദമ്പതികളുടെ ഇരട്ടകുട്ടികള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഉയിരിന്‍റെ ശരിക്കുള്ള പേര് രുദ്രനീല്‍ എന്‍ ശിവന്‍ എന്നാണ്. ഉലകിന്‍റേതാവട്ടെ ദൈവിക് എന്‍ ശിവന്‍ എന്നും."പേരിലെ 'എന്‍' ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയെ സൂചിപ്പിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ നിയമപരമായി സറോഗസി സാധ്യമല്ലെന്ന് പരാതി ഉയര്‍ന്നു. എന്നാൽ നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും സറോഗസി നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ദമ്പതികള്‍‌ വ്യക്തമാക്കുകയുണ്ടായി.

കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം ഇടവേളയെടുത്ത നയന്‍താരയുടെ അടുത്ത ചിത്രം ജവാനാണ്. ആറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ഷാരൂഖ് ഖാനാണ്. വിജയ് സേതുപതിയാണ് സിനിമയില്‍ വില്ലന്‍. ഷൂട്ടിങ്ങിനെത്തിയപ്പോള്‍ നയന്‍താരയ്ക്കൊപ്പം ഇരട്ടക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

മുംബൈ വിമാനത്താവളത്തില്‍ കുഞ്ഞുങ്ങളുമായെത്തിയ നയന്‍താരയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിച്ച് നയന്‍താരയും വിഘ്നേഷും അവരുടെ മുഖം കാമറക്കണ്ണുകളില്‍ നിന്ന് മറച്ചുപിടിച്ചാണ് നടന്നുപോയത്.


വേദിയില്‍ പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ഥ്; ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍


ചെന്നൈ: അഭിനയം കൊണ്ടും നിലപാട് കൊണ്ടും തമിഴ് സിനിമയില്‍ ശ്രദ്ധേയനായ താരമാണ് സിദ്ധാര്‍ഥ്. ബോയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 'തക്കര്‍' ആണ് സിദ്ധാര്‍ഥിന്‍റെ പുതിയ ചിത്രം. ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കുകളിലായിരുന്നു താരം. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. താരത്തിന്‍റെ രണ്ട് പതിറ്റാണ്ടാകുന്ന അഭിനയജീവിതത്തിന്‍റെ ആ ഒരു തമിഴ് മീഡിയ ഹൗസ് നടന് വേണ്ടി പ്രത്യേക ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ ഒരാളെ കണ്ട് വികാരഭരിതനാകുന്ന സിദ്ധാര്‍ഥിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വേദിയിലിരിക്കുന്ന സിദ്ധാര്‍ഥ് പെട്ടെന്ന് ഒരു സ്ത്രീയെ കണ്ട് അത്ഭുതപ്പെടുന്നതും പിന്നീട് അവരുടെ കാലില്‍ വീണ് നമസ്കരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അവരെ കെട്ടിപ്പിടിച്ച് കരയുന്നുമുണ്ട്. താരത്തിന്‍റെ അമ്മയാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ സുജാതയുടെ ഭാര്യ സുജാത രംഗനാഥനായിരുന്നു അത്. തുടര്‍ന്ന് അവതാരകന്‍ സുജാത രംഗരാജനെ സദസിന് പരിചയപ്പെടുത്തി.

സിദ്ധാർത്ഥ് ആദ്യം സംവിധായകൻ മണിരത്‌നത്തിന്‍റെ സഹായിയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ബോയ്സിലേക്ക് സിദ്ധുവിനെ റെക്കമെന്‍റ് ചെയ്തത് സുജാതയായിരുന്നു. തന്‍റെ ജീവിതത്തിലെ ഉയര്‍ച്ചക്ക് കാരണമായ വ്യക്തിയെ കണ്ടതിലുള്ള സന്തോഷമാണ് താരം പ്രകടിപ്പിച്ചത്.


തുർക്കിക്ക് ആദ്യ വനിതാ സെൻട്രൽ ബാങ്ക് ഗവർണർ; സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ ദൗത്യവുമായി ഹഫീസ് എർകാൻ

അങ്കാറ: തുർക്കി ചരിത്രത്തിൽ ആദ്യമായി വനിതാ സെൻട്രൽ ബാങ്ക് ഗവർണർ. സാമ്പത്തിക വിദഗ്ധയായ ഹഫീസ് ഗയെ എർകാൻ ആണ് പുതിയ ഗവർണർ ആയി നിയമിതയായത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് പ്രഖ്യാപനം നടത്തിയത്.

സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ മുൻ സഹ സി.ഇ.ഒയും ഗോൾഡ്മാൻ സാച്ച്‌സിൽ മാനേജിങ് ഡയരക്ടറുമായിരുന്നു ഹഫീസ് ഗയെ എർകാൻ. സഹപ് കവ്‌സിയോഗ്ലുവായിരുന്നു ഇതുവരെ തുർക്കി സെൻട്രൽ ബാങ്ക് ഗവർണർ. പണപ്പെരുപ്പം തടയാനായി പലിശനിരക്ക് കുറയ്ക്കുകയായിരുന്നു സഹപ് ചെയ്തത്. വിദേശരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൈക്കൊണ്ട നയത്തിൽനിന്നു വ്യത്യസ്തമായിരുന്നു ഇത്. എന്നാൽ, തുർക്കി സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിൽ കൂടുതൽ സാമ്പ്രദായിക സാമ്പത്തിക നയങ്ങളിലേക്ക് പുതിയ ഉർദുഗാൻ ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയായാണ് ഇപ്പോൾ എർകാനിന്റെ നിയമനത്തെ വിലയിരുത്തപ്പെടുന്നത്.


തുർക്കി പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഉർദുഗാൻ പുതിയ സെൻട്രൽ ബാങ്ക് ഗവർണറെ പ്രഖ്യാപിച്ചത്. യു.എസ് നിക്ഷേപക കമ്പനിയായ മെറിൽ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധനായിരുന്ന മെഹ്മെത് സിംസെകിനെ പുതിയ ധനമന്ത്രിയായും തിരഞ്ഞെടുത്തിട്ടുണ്ട്. പണപ്പെരുപ്പം തടയാനായി മുൻ ഉർദുഗാൻ സർക്കാരുകൾ സ്വീകരിച്ചിരുന്ന സാമ്പ്രദായികമല്ലാത്ത സാമ്പത്തിക നയങ്ങളുടെ വിമർശകനായിരുന്നു സിംസെക്.


ഏറ്റവും കഠിനമായ പരീക്ഷണം നേരിടുന്നു, ഇടവേളയെടുക്കുകയാണ്: കജോള്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവെളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി കജോള്‍. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് കജോള്‍ ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ബാക്കി എല്ലാ പോസ്റ്റുകളും നീക്കം ചെയ്ത നിലയിലാണ്. ഇന്‍സ്റ്റഗ്രാമില്‍ 14.5 മില്യണ്‍ ഫോളോവേഴ്സുള്ള നടിയാണ് കജോള്‍.

"എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു" എന്നാണ് കജോള്‍ കുറിച്ചത്. അടിക്കുറിപ്പായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് കജോള്‍ ഇങ്ങനെ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും അപ്രത്യക്ഷമയെങ്കിലും പഴയ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. കജോളിന് എന്തുപറ്റി എന്നാണ് ആരാധകരുടെ ചോദ്യം.

സലാം വെങ്കി ആണ് കാജോളിന്‍റെ അടുത്തകാലത്ത് റിലീസ് ചെയ്ത ചിത്രം. രേവതി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിന്‍റെ ലസ്റ്റ് സ്റ്റോറീസ് 2 ലാണ് കജോള്‍ അടുത്തതായി അഭിനയിക്കുന്നത്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, കഭി ഖുശി കഭി ഗം, ബാസിഗർ, ഗുപ്ത്, ദുഷ്മൻ, കുച്ച് കുച്ച് ഹോത്താ ഹെ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് കജോള്‍.

Similar Posts