അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അതേ വേദിയിലിരുന്ന് ആദ്യം വിളിച്ചത് എന്നെയായിരിക്കും; ബേസില്‍ ജോസഫിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ടൊവിനോ
|സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബേസിലിന്‍റെ വളര്‍ച്ച നോക്കിക്കാണുന്നതെന്നും ഇനിയും വളരണമെന്നും ടൊവിനോ ആശംസിച്ചു
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസ്. സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബേസിലിന്‍റെ വളര്‍ച്ച നോക്കിക്കാണുന്നതെന്നും ഇനിയും വളരണമെന്നും ടൊവിനോ ആശംസിച്ചു.
ടൊവിനോ നായകനായ മിന്നല്‍ മുരളി എന്ന ചിത്രത്തിന്‍റെ സംവിധാനത്തിനാണ് ബേസിലിന് പുരസ്കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ''സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദ്യമായ ആലിംഗനം. ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!," എന്നാണ് പുരസ്കാരം സ്വീകരിച്ച ശേഷം ബേസിൽ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ടൊവിനോയുടെ കുറിപ്പ്
ഒരു സുഹൃത്തെന്ന നിലയിലും , അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ , അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസില്‍ ജോസഫിന്‍റേത് .ഒരു പക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും . മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും . ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ് . വളരുക , വളരുക , മാനം മുട്ടെ വളരുക !!
A serious post about @ibasiljoseph on my timeline seems dramatic.എന്നാലും കിടക്കട്ടെ