ട്രാഫിക് നിയമം ലംഘിച്ചു; അല്ലു അര്ജുന് പിഴ
|താരത്തിന്റെ വാഹനമായ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയത്.
ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അര്ജുന് ഹൈദരാബാദ് പോലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700 രൂപ പിഴയൊടുക്കി ഗ്ലാസിൽ മാറ്റം വരുത്തണമെന്ന് താരത്തോട് ആവശ്യപ്പെട്ടുവെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്. ഈ നിയമമാണ് താരം തെറ്റിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിൽ തിരക്കേറിയ ഭാഗത്ത് നിന്നാണ് പോലീസ് കാറിന്റെ ഗ്ലാസ് ശ്രദ്ധിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോൾ അല്ലു അര്ജുൻ. ആദ്യ ഭാഗത്തിന് ലഭിച്ച വരവേൽപ്പ് രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ടോളിവുഡില്‍ മാത്രമല്ല, ഹിന്ദി ബോക്സ് ഓഫീസിലും പുഷ്പ വന്‍ വിജയം നേടിയിരുന്നു. പുഷ്പയിലെ ഡയലോഗും പാട്ടുകളും വന്‍ ഹിറ്റായിരുന്നു. ബോക്സ് ഓഫീസില്‍ 365 കോടി നേടി 2021-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു. കൂടാതെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രങ്ങളുടെ പട്ടികയിലും പുഷ്പ ഇടം പിടിച്ചു.