Entertainment
ചെറുതായൊന്ന് പേരുമാറ്റി; തൃഷയുടെയും ജയം രവിയുടെയും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി
Entertainment

ചെറുതായൊന്ന് പേരുമാറ്റി; തൃഷയുടെയും ജയം രവിയുടെയും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി

Web Desk
|
20 April 2023 4:40 AM GMT

ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റീലീസ് ചെയ്യുന്നത്

ചെന്നൈ: സിനിമാതാരങ്ങളടക്കമുള്ള സെലിബ്രിറ്റികൾക്ക് ധാരാളം വ്യാജ അക്കൗണ്ടുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അവയിൽ നിന്ന് അവരുടെ യഥാർഥ അക്കൗണ്ടുകൾ തിരിച്ചറിയാനുള്ള ഏകമാർഗമാണ ബ്ലൂടിക്ക് വെരിഫിക്കേഷൻ. എന്നാൽ ചെറിയൊരു പേരുമാറ്റം കൊണ്ട് ട്വിറ്ററിന്റെ ബ്ലൂടിക്ക് വെരിഫിക്കേഷൻ നഷ്ടമായിരിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ തൃഷയും ജയം രവിയും.

തൃഷ, ജയം രവി, ചിയാൻ വിക്രം, കാർത്തി,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്ന മണിരത്‌നം സിനിമ പൊന്നിയിൻ സെൽവൻ 2 ഉടൻ റിലീസിനൊരുങ്ങുകയാണ്. ഇതിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങളെല്ലാം. പ്രമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും പൊന്നിയൻ സെൽവനിലെ കഥാപാത്രങ്ങളുടെ പേര് തങ്ങളുടെ ട്വിറ്ററിൽ മാറ്റിയിരുന്നു. കുന്ദവൈ എന്ന് തൃഷയും അരുൺമൊഴി വർമ്മൻ എന്ന് ജയംരവിയും ട്വിറ്ററിൽ പേരുകൾ മാറ്റി. ഇതാണ് ഇരുവർക്കും വിനയായത്. ഇതോടെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ പിൻവലിക്കുകയും ചെയ്തു.

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ഭാഗമായ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. 'സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പേരുകൾ മാറ്റിയത്. രവിയും ഞാനും ആദ്യം തന്നെ പേരുമാറ്റി. പിന്നാലെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, പക്ഷേ അത് വീണ്ടെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്... 'തൃഷ പറഞ്ഞു.

''ഞങ്ങൾ പേരുകൾ മാറ്റിയതിനാലാണ് ബ്ലൂടിക്ക് ട്വിറ്റർ പിൻവലിച്ചത്. ഞങ്ങൾ പേരുകൾ മാറ്റിയത് സംശയാസ്പദമായ പ്രവർത്തനമാണെന്ന് ട്വിറ്ററിന്റെ വിശദീകരണം...തൃഷ കൂട്ടിച്ചേർത്തും.

ബ്ലൂ ടിക്ക് നഷ്ടമായതിന് പിന്നാലെ തൃഷ തന്റെ യഥാർഥ പേരിലേക്ക് തിരിച്ചുവന്നെങ്കിലും ബ്ലൂ ടിക് തിരികെ ലഭിച്ചില്ല. അതേസമയം, ജയം രവിയുടെ ട്വിറ്ററിലെ പേര് അരുൺമൊഴി വർമൻ എന്ന് തന്നെയാണ്.

പൊന്നിയിൻ സെൽവൻ 2 ന്റെ പ്രമോഷനുകൾ ഏപ്രിൽ 16 നാണ് തുടങ്ങിയത്. വിക്രം, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുകയാണ്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം വൻവിജയമായിരുന്നു. ഏപ്രിൽ 28 നാണ് രണ്ടാം ഭാഗം റീലീസ് ചെയ്യുന്നത്.

തമിഴിന് പുറമെ,മലയാളം,ഹിന്ദി, തെലുങ്ക്,കന്നട തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.കൽക്കി കൃഷ്ണ മൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ആർ റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

Similar Posts