'ഇ.ഡി ഭരിക്കുന്ന രാജ്യത്താണ് ജീവിക്കുന്നത്, സിനിമയെടുക്കാൻ അവരെ ഭയക്കണം'; തുറന്നടിച്ച് സംവിധായകൻ ടി.വി ചന്ദ്രൻ
|"മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് രാകേഷ് ശർമക്ക് ഡോക്യുമെന്ററി നിർമിക്കാനായത് ഇ.ഡി ഭരണം ഇല്ലാത്തത് കൊണ്ടാണ്"
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് സംവിധായകൻ ടി.വി ചന്ദ്രൻ. മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നുവെന്നും ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണമെന്നും ടി.വി ചന്ദ്രൻ തുറന്നടിച്ചു. തിരവനന്തപുരം കൈരളി തിയേറ്ററിൽ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് രാകേഷ് ശർമക്ക് ഡോക്യുമെന്ററി നിർമിക്കാനായത് ഇ.ഡി ഭരണം ഇല്ലാത്തത് കൊണ്ടാണ്. എന്നാൽ ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണം". ടി.വി ചന്ദ്രൻ പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. സിനിമാ അവാർഡ് വിവാദത്തിൽ മുഖ്യമന്ത്രിയോട് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും വിവാദം അവാർഡ് പ്രഖ്യാപനത്തെ ഇടിച്ചു താഴ്ത്തിയെന്നും മന്ത്രി പറഞ്ഞു.