'മാമന്നന്‍' അവസാന ചിത്രം; അഭിനയ ജീവിതം അവസാനിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍
|സിനിമാ ജീവിതത്തില്‍ ഏറെ അഭിമാനിക്കുന്നതായും ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും ഏറെ അഭിമാനിക്കുന്നതായും ഉദയനിധി
മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ സിനിമയിലൂടെ ചലച്ചിത്ര അഭിനയ ജീവിതത്തിന് ഫുള്‍ സ്റ്റോപ്പിട്ട് നടന്‍ ഉദയനിധി സ്റ്റാലിന്‍. ചിത്രം മികച്ച കലക്ഷന്‍ നേടി തിയറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കെയാണ് ചലച്ചിത്ര രംഗത്ത് നിന്നുള്ള പിന്മാറ്റം ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ചത്.
സിനിമാ ജീവിതത്തില്‍ ഏറെ അഭിമാനിക്കുന്നതായും ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും എന്നും അഭിമാനിക്കുന്നതായും ഉദയനിധി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാമന്നന്‍ സിനിമയുടെ പ്രഖ്യാപന വേളയിലും ഉദനിധി സ്റ്റാലിന്‍ സിനിമാ കരിയറിന് ബ്രേക്കിടുന്ന കാര്യം അറിയിച്ചിരുന്നു.
2012ൽ പുറത്തിറങ്ങിയ 'ഒരു കാൽ ഒരു കണ്ണാടി' എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിൻ വെള്ളിത്തിരയിൽ എത്തിയത്. ഹൻസിക മൊട്‍വാനി, സന്താനം എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 11 വർഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് നൽകിയത്. തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി ചെപോക്ക് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കൂടിയാണ്. ഡി.എം.കെയുടെ യുവജന വിഭാഗം സെക്രട്ടറി കൂടിയായ ഉദനിധി രാഷ്ട്രീയ തിരക്കുകളിലാണ് മാറിനില്‍ക്കുന്നത്.