150ന് മുകളില്‍ തിയറ്ററുകളില്‍ 'ഉടുമ്പ്' നാളെ റിലീസ്
|റിലീസിന് മുൻപേ ഹിന്ദി റീമേക്ക് ഉൾപ്പെടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുമുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡ് ഉടുമ്പിന് സ്വന്തമാണ്
സെന്തിൽ കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഉടുമ്പ്' ഈ മാസം 10 ന് തീയേറ്ററുകളിലെത്തുന്നു. 150ൽ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്.
റിലീസിന് മുൻപേ ഹിന്ദി റീമേക്ക് ഉൾപ്പെടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുമുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും ഇനി 'ഉടുമ്പ്' ന് സ്വന്തമാണ്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൻ.എം ബാദുഷ, എൽദോ ടി.ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസര്‍. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അഭിലാഷ് അർജുനൻ, ആർട്ട്: സഹസ് ബാല, പി.ആർ.ഒ- പി ശിവപ്രസാദ്, സുനിത സുനിൽ.