"പ്രശസ്തയായ ഒരു കലാകാരിയെ അനാവശ്യ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത്"; മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി ഉണ്ണി മുകുന്ദന്‍
|മേപ്പടിയാൻ സിനിമക്ക് ആശംസ അറിയിച്ച് പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതിനെത്തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണങ്ങളാണ് മഞ്ജു വാര്യര്‍ക്കെതിരെ നടന്നത്
അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ സിനിമക്ക് ആശംസ അറിയിച്ച് നടി മഞ്ജു വാര്യർ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി സിനിമയുടെ നായകൻ ഉണ്ണി മുകുന്ദന്‍. റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഒരാഴ്ച്ചക്കുള്ളിൽ നീക്കം ചെയ്യുമെന്ന് മഞ്ജുവിന്‍റെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പ്രശ്‌സതയായ ഒരു കലാകാരിയെ ദുർബമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.
സിനിമയുടെ രാഷ്ട്രീയം ചർച്ചയാവുകയും സിനിമക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തതോടെയാണ് മഞ്ജു പോസ്റ്റ് പിൻവലിച്ചത് എന്നാരോപിച്ച് മഞ്ജുവിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ സൈബർ ആക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദൻ വിശദീകരണവുമായി രംഗത്തെത്തിയത്.
ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഹലോ സുഹൃത്തുക്കളെ,
മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.