'ജനവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ സിനിമയിലുണ്ടാകരുത്, സംവിധായകർ ഇക്കാര്യം ശ്രദ്ധിക്കണം'; 'പഠാന്‍' വിവാദങ്ങളില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്
|'കലാകാരനെയും സാഹിത്യകാരനെയും നേട്ടങ്ങൾ കൈവരിച്ചവരെയും ബഹുമാനിക്കണം'
ലഖ്‌നൗ: വിവാദങ്ങൾ ഉണ്ടാക്കുന്നതോ ജനവികാരം വ്രണപ്പെടുത്തുന്നതോ ആയ രംഗങ്ങൾ സിനിമകളിലുണ്ടാകരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിനിമ നിർമ്മിക്കുമ്പോൾ സംവിധായകർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'പഠാൻ' സിനിമാ ബഹിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യോഗി.
''കലാകാരനെയും സാഹിത്യകാരനെയും നേട്ടങ്ങൾ കൈവരിച്ചവരെയും ബഹുമാനിക്കണം. ഉത്തർപ്രദേശും സിനിമകൾക്കായി ഒരു നയം ഉണ്ടാക്കിയിട്ടുണ്ട്. ആ നയങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് നിരവധി സിനിമകൾ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നേരത്തെ ജാക്കി ഷ്രോഫ്, സുനിൽ ഷെട്ടി, ബോണി കപൂർ, കൈലാഷ് ഖേർ, സോനു നിഗം തുടങ്ങിയ സെലിബ്രിറ്റികൾ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബോളിവുഡ് ബഹിഷ്‌കരണ പ്രവണത തടയാൻ സഹായിക്കണമെന്ന് സുനിൽ ഷെട്ടി അന്ന് യോഗിയോട് ആവശ്യപ്പെട്ടിരുന്നു.
റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു. എന്നാൽ സകല വിവാദങ്ങളും കാറ്റിൽ പറത്തി ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാൻ മുന്നേറുകയാണ്.
പന്ത്രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 800 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ദംഗലിന്റെ 702 കോടിയെന്ന ആഗോളകലക്ഷൻ റെക്കോർഡാണ് പഠാൻ മറികടന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനും ദീപികക്കുമൊപ്പം ജോൺ എബ്രഹമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം വിറ്റുപോയത്.