'അവൻ എന്നെ കാണാൻ പത്തു മണിക്കൂർ കാത്തുനിന്നു'; നടി ഉർവശി റൗട്ടേലയുടെ ആരോപണത്തിനെതിരെ റിഷഭ് പന്ത്
|റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല നേരത്തെ അവകാശപ്പെട്ടിരുന്നു
മുംബൈ: ബോളിവുഡ് നടി ഉർവശി റൗട്ടേലയും ക്രിക്കറ്റർ റിഷഭ് പന്തും തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര്. തന്നെ കാണാൻ റിഷഭ് പന്ത് പത്തു മണിക്കൂർ കാത്തുനിന്നെന്ന ഉർവശിയുടെ അവകാശവാദമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കാത്തു നിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.' - അവർ പറഞ്ഞു.
'ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വച്ച് കാണാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.' - ഉർവശി കൂട്ടിച്ചേർത്തു.
ആരാണ് കാത്തിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മിസ്റ്റർ ആർപി എന്നു മാത്രമാണ് നടി ഉത്തരം നൽകിയത്. അതാരാണെന്ന് വ്യക്തമാക്കാനും അവർ തയ്യാറായില്ല. എന്നാൽ ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ പ്രതികരണവമായി റിഷഭ് പന്ത് രംഗത്തെത്തി.
'വാർത്തകളിൽ നിറഞ്ഞു നിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' മേരെപീച്ചെ ചോർഹോ ബെഹൻ, ജൂട് കീ ഭീലിമിറ്റ് ഹോതീഹെ എന്നീ ഹാഷ്ടാഗുകളിൽ റിഷഭ് പന്ത് കുറിച്ചു. കുറച്ചു നേരത്തിന് ശേഷം റിഷഭ് പോസ്റ്റ് ഡിലീറ്റു ചെയ്തു.
ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. 'ചോട്ടു ഭയ്യാ, (അനിയാ) ബാറ്റും ബോളും കളിക്കൂ. മൈം കോയി മുന്നി നഹീ ഹൂം ബദ്നാം ഹോനെ വിത്ത് യങ് കിഡ്ഡോ ഡാർലിങ് തേരെ ലിയേ (പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല) ' - എന്നായിരുന്നു നടിയുടെ പ്രതികരണം. ആർപി ഛോട്ടുഭയ്യ, രക്ഷാബന്ധൻ മുബാറക് ഹോ തുടങ്ങിയ ഹാഷ് ടാഗുകളിലായിരുന്നു അവരുടെ കുറിപ്പ്. പന്തിനെപ്പോലെ തന്റെ പോസ്റ്റ് നടി ഡിലീറ്റ് ചെയ്തിട്ടില്ല.
നേരത്തെ, താൻ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാൽ പന്ത് അതു നിഷേധിക്കുകയായിരുന്നു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവച്ചിരുന്നു.