അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ചു; വിജയ് ചിത്രം വാരിസിന് നോട്ടീയച്ച് എ.ഡ്ല്യു.ബി.ഐ
|ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു
ദളപതി വിജയുടെ പുതിയ ചിത്രമായ വാരിസുവിന്റെ നിർമ്മാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ. അനുമതിയില്ലാതെ ചിത്രികരണത്തിന് ആനകളെ ഉപയോഗിച്ചതിനുള്ള വിശദികരണം തേടിയാണ് നോട്ടീസയച്ചത്. സിനിമയുടെ ചിത്രീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നതിന് അനുമതി തേടാത്തത് പെർഫോമിംഗ് അനിമൽസ് (രജിസ്‌ട്രേഷൻ) റൂൾസ്, 2001-ന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു. ഈ മാസം ആദ്യം വിശാഖപട്ടണത്തിലെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
"1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ-1 പ്രകാരമാണ് ആനകളെ സംരക്ഷിക്കുന്നത്, 2001 ലെ പെർഫോമിംഗ് ആനിമൽസ് (രജിസ്ട്രേഷൻ) നിയമ പ്രകാരം, മൃഗങ്ങളെ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്. സിനിമക്കായി അനുമതി തേടുമ്പോൾ, ഒരു സിനിമയിൽ അഭിനയിക്കാൻ മൃഗത്തെ വാടകയ്‌ക്കെടുക്കാനോ കടം കൊടുക്കാനോ ആഗ്രഹിക്കുന്ന മൃഗത്തിന്റെ ഉടമ മൃഗത്തിന്റെ തരം, അതിന്റെ പ്രായം, ശാരീരിക ആരോഗ്യം, സിനിമയിലെ മൃഗത്തിന്റെ പ്രകടനത്തിന്റെ സ്വഭാവം, അതിന്റെ ദൈർഘ്യം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകണം. മൃഗത്തെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, മൃഗത്തിന്റെ ആരോഗ്യവും ഫിറ്റ്‌നസും സാക്ഷ്യപ്പെടുത്തി ഒരു വെറ്ററിനറി ഡോക്ടർ നൽകുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകണം, അറിയിപ്പിൽ കൂട്ടിച്ചേർത്തു.
വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന വാരിസുവിൽ പ്രഭു, ശരത്കുമാർ, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാർത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ നാളിലായിരിക്കും തിയറ്ററുകളിൽ റിലീസ് ചെയ്യുക.