എന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം: ടൊവിനോ തോമസ്
|എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാറിൻ്റെ പേജിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
തൃശൂര്‍: തന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എസ് വി ഇ ഇ പി അംബാസഡറാണ്. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അറിവോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാറിൻ്റെ പേജിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇതോടെ സുനിൽകുമാറിൻ്റെ പേജിലെ ടൊവിനോക്കൊപ്പമുള്ള പോസ്റ്റ് പിൻവലിച്ചു.
ടൊവിനോയുടെ കുറിപ്പ്
എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്‍റെ ആശംസകൾ . ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് . ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല .ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു.
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് വി. എസ് സുനിൽ കുമാർ ടൊവിനോയെ കണ്ടത്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനിൽ കുമാർ പറഞ്ഞു. കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്നേഹത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും സുനിൽ കുമാർ കുറിച്ചു. ടൊവിനോ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ വിഎസ് സുനിൽ കുമാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.