Entertainment
വാരിയംകുന്നന്‍ ഇന്‍റര്‍നാഷണല്‍ സിനിമയായിരിക്കും; തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്
Entertainment

''വാരിയംകുന്നന്‍' ഇന്‍റര്‍നാഷണല്‍ സിനിമയായിരിക്കും'; തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

ijas
|
3 Nov 2021 5:47 AM GMT

സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന തന്‍റെ പുസ്തകം സിനിമയുടെ കൂടെ പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതാണെന്നും സിനിമയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പുസ്തകം റഫറന്‍സുകളോടെ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും റമീസ്

മലബാര്‍ വിപ്ലവ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' സിനിമ അന്താരാഷ്ട്ര സിനിമയായിരിക്കുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. എല്ലാ ഭാഷകളിലും വരുന്ന രീതിയില്‍ ഇന്‍റര്‍നാഷണല്‍ ക്വാളിറ്റിയും റീച്ചും വേണമെന്ന ആഗ്രഹത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു സിനിമക്ക് പുറമേ മറ്റൊരു സിനിമ കൂടി തന്‍റേതായി വരാനുണ്ടെന്നും വൈകാതെ തന്നെ അതിന്‍റെ പ്രഖ്യാപനമടക്കമുള്ള കാര്യങ്ങളുണ്ടാകുമെന്നും റമീസ് മുഹമ്മദ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളില്‍ എല്ലാത്തിനും മറുപടി നല്‍കില്ലെന്ന തീരുമാനം കൂട്ടായി എടുത്തതാണെന്നും നിര്‍മാതാക്കളായ 'കോമ്പസ് മൂവീസ്' എന്ന ഒറ്റ കേന്ദ്രത്തില്‍ നിന്നായിരിക്കും വിശദാംശങ്ങളെല്ലാം നല്‍കുകയെന്നും റമീസ് വ്യക്തമാക്കി. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന തന്‍റെ പുസ്തകം സിനിമയുടെ കൂടെ പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതാണെന്നും സിനിമയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പുസ്തകം റഫറന്‍സുകളോടെ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഇതുവരെയുള്ള യാത്രയെ കുറിച്ചും റമീസ് അഭിമുഖത്തില്‍ മനസ്സുതുറന്നു, റമീസിന്‍റെ വാക്കുകളിലേക്ക്:

വാരിയംകുന്നത്തിന്‍റെ റിസര്‍ച്ചിന്‍റെ ഒരു ഘട്ടത്തില്‍ എന്‍റെ ഉള്ളിലെ ഒരു ഭയങ്കര ആഗ്രഹമായിരുന്നു ഇതിലെ കാര്യങ്ങള്‍ ലോകത്തെ അറിയിക്കണമെന്നത്. സിനിമാക്കാരെ ആരെയും പരിചയമില്ല. പിന്നീട് ഷോര്‍ട്ട് ഫിലിം എടുക്കുന്നത് പോലും ഇത് സിനിമയാക്കാന്‍ വേണ്ടി മാത്രമാണ്. അങ്ങനെയാണ് ഒരു ഘട്ടത്തില്‍ തിരക്കഥാകൃത്ത് ഹര്‍ഷദ്ക്കയെ പരിചയപ്പെടുന്നത്. പരസ്പരമുള്ള ചര്‍ച്ചയില്‍ നിന്നാണ് ഇത് സിനിമയാകുന്നത്. അന്നും പുസ്തകം എഴുതാന്‍ സാധിക്കുമെന്നോ കഴിയുമെന്നോ വിചാരിച്ചിട്ടില്ല. സിനിമയായിരുന്നു ആദ്യ ആലോചന. സിനിമയുമായി മുന്നോട്ടുപോയ ചര്‍ച്ചകളില്‍ എപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടാകും. അപ്പോള്‍ അന്ന് കമ്പ്യൂട്ടറില്‍ എഴുതിയ റഫറന്‍സുകള്‍ കാണിക്കും. അങ്ങനെയാണ് സുഹൃത്തുക്കള്‍ ഇത് ബുക്കായി പുറത്തിറക്കിക്കൂടെയെന്ന അഭിപ്രായം പങ്കുവെച്ചത്. സിനിമയുടെ കൂടെ പുസ്തകം പുറത്തിറക്കാമെന്ന് വിചാരിച്ചു. സിനിമ കണ്ട ആളുകള്‍ക്ക് ഇത് വന്യമായ ഭാവനയില്‍ നിന്നാണെന്ന് സംശയം തോന്നിയാല്‍ പുസ്തകം കാണിക്കും. ആധികാരികത ഉറപ്പുവരുത്താനാണ് പുസ്തകമാക്കിയത്. ദൈവത്തിന്‍റെ തീരുമാനം ആദ്യം പുസ്തകം പുറത്തിറങ്ങണമെന്നായിരുന്നു.

അന്ന് ഹര്‍ഷദ്ക്ക അന്‍വര്‍ റഷീദിന്‍റെ കൂടെ സിനിമയിലാണ്. അങ്ങനെയാണ് അന്‍വര്‍ റഷീദിന്‍റെ കൈയ്യില്‍ വാരിയംകുന്നന്‍ എത്തുന്നത്. അന്‍വര്‍ റഷീദ് സിനിമയില്‍ തല്‍പരനായിരുന്നു. വിക്രം അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വപ്ന തുല്യമായ രീതിയിലേക്ക് പോയികൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ട്രാന്‍സ് ഇറങ്ങുകയും അതിനെ തുടര്‍ന്നുണ്ടായ ചില പ്രശ്നങ്ങളില്‍ അദ്ദേഹം വലിയ കാലയളവ് സമയം ചോദിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സംവിധായകനെ കാണാമെന്ന ധാരണയിലാണ് ആഷിഖ് അബുവിനെ കാണുന്നത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു പൃഥ്വിരാജ് നായകനാവണമെന്നത്. ആഷിഖ് അബുവിനോട് പൂര്‍ണമായിട്ടുള്ള കഥ പറഞ്ഞു. പൃഥ്വിരാജിനോട് സിനോപ്സിസും സ്ട്രക്ചറുമാണ് പറഞ്ഞത്. പിന്നീട് നടന്നത് അറിയാമല്ലോ.

എന്‍റെ മനസ്സിലുള്ള വാരിയംകുന്നന്‍ ഇന്‍റര്‍നാഷണല്‍ സിനിമയായിട്ട് വരണമെന്നുള്ളതാണ്. എല്ലാ ഭാഷകളിലും വരുന്ന രീതിയില്‍. ഏതൊക്കെ ഭാഷകളില്‍ വരണമെന്നതിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാരണം ലോകം ശ്രദ്ധിച്ചിരുന്ന വിപ്ലവകാരിയാണ് വാരിയംകുന്നന്‍. അദ്ദേഹത്തിന് ഇന്‍റര്‍നാഷണല്‍ പ്രസക്തിയുണ്ടെന്നുള്ളതാണ്. ഇന്‍റര്‍നാഷണല്‍ ക്വാളിറ്റിയും റീച്ചും അതിന് വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് എല്ലാവരും.

Similar Posts