'പോയി സൈക്യാട്രിസ്റ്റിനെ കാണൂ'; ലൈംഗികാരോപണം ഉന്നയിച്ച ഗായിക സുചിത്രക്കെതിരെ വൈരമുത്തു
|ചിലയാളുകള്‍ക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു വൈരമുത്തു എക്സില്‍ കുറിച്ചത്
ചെന്നൈ: ഗായിക സുചിത്രയുടെ ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത തമിഴ് ഗാനരചയിതാവും ദേശീയ പുരസ്കാര ജേതാവുമായ വൈരമുത്തു. എല്ലാ ഗായികമാരെയും വിളിച്ച് വൈരമുത്തു മോശമായി സംസാരിക്കുമെന്നായിരുന്നു സുചിത്രയുടെ ആരോപണം. ചിലയാളുകള്‍ക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു വൈരമുത്തു എക്സില്‍ കുറിച്ചത്.
''ജീവിതം നഷ്ടപ്പെട്ടവര്‍, ദുർബല ഹൃദയമുള്ളവര്‍, പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുള്ളവര്‍, വിഷാദം എന്നിവയുള്ളവര്‍ ഏകപക്ഷീയമായി സ്നേഹിക്കുന്നവർക്ക് നേരെ പരുഷമായ വാക്കുകൾ എറിയുകയും ഒരു ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. ചിലപ്പോള്‍ ഭ്രാന്തനെപ്പോലെയും മിടുക്കരായും അഭിനയിക്കും. അവരെ ദൈവമായി കണക്കാക്കും. ഈ രോഗത്തെ ‘മെസ്സിയാനിക് ഡെല്യൂഷനൽ ഡിസോർഡർ’ എന്നാണ് വിളിക്കുന്നതെന്നും'' വൈരമുത്തു തൻ്റെ പോസ്റ്റിൽ പറഞ്ഞു. "അവരെ ശിക്ഷിക്കരുത്, അവരോട് ദയ കാണിക്കുകയും സഹാനുഭൂതിയിലൂടെ സുഖപ്പെടുത്തുകയും വേണം. അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകള്‍ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്ര വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. വൈരമുത്തു എല്ലാ ഗായികമാരെയും വിളിക്കുമെന്നും അയാളുടെ ശബ്ദത്തില്‍ കാമമുണ്ടെന്നുമാണ് സുചിത്ര പറഞ്ഞത്. ''നിന്‍റെ ശബ്ദത്തില്‍ കാമമുണ്ട്. അതുകേട്ട് ഞാനൊരു ഭ്രാന്തനായി. നിന്‍റെ ശബ്ദം കേട്ട് നിന്നെ ഞാന്‍ പ്രണയിച്ചുപൊകുന്നു'' ഇതൊക്കെയാണ് അയാള്‍ ഗായികമാരെ വിളിച്ചുപറയുന്നത്. ഈ ഡയലോഗ് കേള്‍ക്കാത്ത ഒരു പാട്ടുകാരിയും ഉണ്ടാകില്ല. ''ഒരു ദിവസം എന്നെയും വിളിച്ചു..വീട്ടിലേക്ക് വരൂം ഒരു സമ്മാനം തരാമെന്ന് പറഞ്ഞു. ഞാനെന്‍റെ മുത്തശ്ശിയെയും കൂട്ടിയാണ് അയാളുടെ വീട്ടില്‍ പോയത്. എന്തിനാണ് മുത്തശ്ശിയെയും കൂടെക്കൊണ്ടുവന്നതെന്ന് അയാള്‍ ചോദിച്ചു. എവിടെയും ഒറ്റക്ക് പോകാറില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. മുത്തശ്ശി അയാളോട് ഒരുപാട് സംസാരിച്ചു. നിങ്ങളെപ്പൊലുള്ളവരല്ലേ ഇവരെ വളര്‍ത്തേണ്ടതെന്നും ഒരച്ഛനെപ്പോലെ കണ്ട് സഹായിക്കണമെന്നും മുത്തശ്ശി പറഞ്ഞു. മുത്തശ്ശിയുടെ സംസാരം കേട്ട് വൈരമുത്തു ആകെ വിളറി. എവിടയാണെ് സമ്മാനമെന്ന് ചോദിച്ചപ്പോള്‍ അകത്തു പോയി പാന്‍റീന്‍റെ ഒരു ഷാമ്പുവും കണ്ടീഷണറും തന്നു'' സുചിത്ര പറയുന്നു.
കവി ഒരു മാനസികരോഗ വിദഗ്ധനെ കാണുന്നത് നല്ലതാണെന്ന് ഗായിക ചിന്‍മയി എക്സില്‍ കുറിച്ചു. ചിന്‍മയിയുടെ ലൈംഗികാരോപണത്തിന് ഒരാഴ്ചക്ക് ശേഷം വൈരമുത്തുവിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നത്. ഇരുപതോളം സ്ത്രീകളാണ് വൈരമുത്തു മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവും ലൈംഗിക കുറ്റവാളിയുമായ ഹാർവി വെയ്ൻസ്റ്റീനോടാണ് വൈരമുത്തുവിനെ ചിന്‍മയി ഉപമിച്ചത്. "മറ്റെവിടെയാണെങ്കിലും ഈ തമിഴനായ ഹാർവി വെയ്ൻസ്റ്റീനെക്കുറിച്ച് അന്വേഷണം നടത്തും. കൂട്ടബലാത്സംഗക്കേസുകളിൽ നമ്മുടെ രാജ്യത്ത് നീതി ലഭിക്കുന്നില്ല, അതിനാൽ നീതിക്കുവേണ്ടിയുള്ള ആഗ്രഹം ഇന്ത്യയിൽ വളരെ കൂടുതലാണ്'' ചിന്‍മയിയുടെ പോസ്റ്റില്‍ പറയുന്നു.
If there is one person who needs to speak to a Mental health professional on his predatory behaviour, it is the poet.
— Chinmayi Sripaada (@Chinmayi) September 20, 2024
But molester saar being bolstered by his family, filmy, politician and feminist (!) buddies will hand out a mental health diagnosis on a public platform.…
വൈരമുത്തുവിനെതിരെ ചിന്‍മയി നല്‍കിയ ലൈംഗികാതിക്രമക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. 2018ലാണ് വൈരമുത്തുവിനെതിരെ ചിന്‍മയി മീടു വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ ഡബ്ബിംഗ് അസോസിയേഷനില്‍ നിന്നും ഗായികയെ പുറത്താക്കിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ചിന്മയിക്ക് അവസരങ്ങള്‍ ഇല്ലാതായത്. കൂടെയുള്ളവരെ പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് തിരിച്ചുചോദിച്ചു. അവരുടെ ആവശ്യം നിരാകരിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കരിയര്‍ ഇതോടെ തീരും എന്നായിരുന്നു ഭീഷണിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.