Entertainment
കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ; മോഹൻലാലിന് നന്ദി പറഞ്ഞ് വീണ ജോർജ്
Entertainment

കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ; മോഹൻലാലിന് നന്ദി പറഞ്ഞ് വീണ ജോർജ്

Web Desk
|
22 May 2021 8:15 AM GMT

ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹൻലാൽ ആശംസകൾ അറിയിച്ചതായും വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി യി ഒന്നരകോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്ത നടൻ മോഹൻ ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മോഹൻലാലിന്റെ 61ആം പിറന്നാളിനോടനുബന്ധിച്ചാണ് താരം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിനായി സംഭവന ചെയ്തത്.

ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹൻലാൽ ആശംസകൾ അറിയിച്ചതായും വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാൽ ഇന്നലെയാണ് 61ാം പിറന്നാൾ ആഘോഷിച്ചത്. കോവിഡും ലോക്ക്ഡൗണും കാരണം ഇത്തവണയും ചെന്നൈയിലെ വീട്ടിലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമാക്കിയാണ് മോഹൻലാൽ പിറന്നാള്‍ ആഘോഷിച്ചത് . സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

വീണ ജോർജിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹൻലാൽ തന്നത്.

ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ശ്രീ മോഹൻലാൽ ആശംസകൾ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

Similar Posts