Entertainment
കല്യാണത്തിന് ധരിച്ചത് സ്വന്തം പണത്തിലെ  സ്വര്‍ണ്ണം, കുറച്ച് സുഹൃത്തിന്‍റെ ജ്വല്ലറിയില്‍ നിന്നും കടം വാങ്ങി: വിമര്‍ശനങ്ങളില്‍ വീണ നായര്‍
Entertainment

'കല്യാണത്തിന് ധരിച്ചത് സ്വന്തം പണത്തിലെ സ്വര്‍ണ്ണം, കുറച്ച് സുഹൃത്തിന്‍റെ ജ്വല്ലറിയില്‍ നിന്നും കടം വാങ്ങി': വിമര്‍ശനങ്ങളില്‍ വീണ നായര്‍

ijas
|
22 Jun 2021 11:58 AM GMT

സ്ത്രീധനത്തിനെതിരെ വീണ നായരുടെ പോസ്റ്റ്, വിവാഹ ഫോട്ടോ കമന്‍റായി വന്നതോടെ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണം

സ്ത്രീധനത്തിനെതിരായ സിനിമ-സീരിയല്‍ നടി വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണമെന്നും കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്നും സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്നും പറയൂ എന്നാണ് വീണ നായര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

വീണാനായരുടെ പിന്‍വലിച്ച ഫേസ്ബുക്ക് കുറിപ്പ്:

പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നു പറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെണ്‍കുട്ടികളെ... കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യം!!

ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വീണ നായരുടെ നിറയെ ആഭരണങ്ങളോട് കൂടിയ കല്യാണ ഫോട്ടോ താഴെ കമന്‍റായി നിരവധി പേര്‍ നല്‍കുകയും വൈകാതെ തന്നെ കുറിപ്പ് പിന്‍വലിച്ചതായി കാണുകയുമായിരുന്നു. കുറിപ്പിലെ വാക്കുകള്‍ക്ക് വിരുദ്ധമായിട്ടുള്ള വീണ നായരുടെ ഫോട്ടോ പുറത്തുവന്നതോടെ വലിയ സൈബര്‍ വിമര്‍ശനവും പരിഹാസവുമാണ് താരത്തിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് താരം തന്നെ ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി രംഗത്തുവന്നത്.

തന്‍റെ കല്യാണഫോട്ടോയിലെ സ്വര്‍ണ്ണം സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്നും അതിലെ കുറച്ച് സ്വര്‍ണം കല്യാണ സമയത്ത് സുഹൃത്തിന്‍റെ ജ്വല്ലറിയില്‍ നിന്നും കടമെടുത്തതാണെന്നും അതെല്ലാം തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുക്കാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും വീണ നായര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും കല്യാണം എന്ന് പറഞ്ഞുകൊണ്ട് സ്ത്രീധനം കൊടുക്കുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. ആ നിലപാടിനെ ഒരു തരിപോലും അനുകൂലിക്കുന്നില്ലെന്നും വീണ വീഡിയോയില്‍ പറഞ്ഞു. മരിച്ച അച്ഛന്‍റെയും അമ്മയുടെയും ആഗ്രഹം കൊണ്ടാണ് വിവാഹസമയത്ത് ആഭരണം ധരിച്ചത്. ആ ചെയ്തതില്‍ ഇപ്പോ ആലോചിക്കുമ്പോള്‍ പശ്ചാത്താപമുണ്ട്. ഇനിവരുന്ന തലമുറയോടാണ് തനിക്ക് പറയാനുള്ളതെന്നും ആറ്, ഏഴ് വര്‍ഷം കൊണ്ട് ആര്‍ക്കും മാറ്റം സംഭവിക്കാമെന്നും വീണ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ട് വരുന്ന ഏത് ആണോ, കുടുംബമോ ആയിക്കോട്ടെ ആ കല്യാണം വേണ്ട എന്ന് തന്നെ ഇനിവരുന്ന തലമുറ ശക്തമായി തന്നെ പറയണമെന്നും സ്ത്രീധനം കൊടുക്കാന്‍ തയ്യാറുള്ളവര്‍ കൊടുത്തോ അതിന് ഒരു കുഴപ്പവുമില്ലെന്നും വീണ വീഡിയോയില്‍ വ്യക്തമാക്കി.

വീണ നായരുടെ വിശദീകരണം:

കുറച്ചു മുന്നേ ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഞാനാ പോസ്റ്റിട്ടതിന് താഴെ എന്നെ സ്നേഹിക്കുന്ന ഒത്തിരി സുഹൃത്തുക്കള്‍ എന്‍റെ കല്യാണ ഫോട്ടോ അതിവിദഗ്ധമായി കൊണ്ടുവന്ന് കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അതൊക്കെ രസകരമായി കണ്ടുകൊണ്ടിരുന്നു. എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് വിചാരിച്ചു. കുറച്ചുകഴിഞ്ഞ് എന്‍റെ അമ്പാടിയെ(മകന്‍) പറ്റി കുറച്ച് കമന്‍റുകള്‍ വന്നു. 'അമ്പുച്ചന്‍റെ അമ്മ മോങ്ങുന്നു'- അത്തരത്തിലുള്ള ചില കമന്‍റുകള്‍. കുഞ്ഞിന്‍റെ കാര്യം ഇതില്‍ പരാമര്‍ശിച്ചത് കൊണ്ട് ഞാന്‍ വിചാരിച്ചു ഇനി പോസ്റ്റ് ഡിലീറ്റ് ചെയ്തേക്കാം. അത് മറ്റൊന്നും കൊണ്ടല്ല ഇതിലും വലിയ പോസ്റ്റുകള്‍ ഞാന്‍ എന്‍റെ അക്കൗണ്ടില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ വരെ ഇട്ടിട്ട് ഒത്തിരി പേര്‍ എന്നെ വെട്ടും കൊല്ലുമെന്ന് പറഞ്ഞിട്ടു കൂടി ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാന്‍ എന്‍റെ ഫേസ്ബുക്കിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനുള്ള കാരണം എന്‍റെ കുഞ്ഞിനെ ആദ്യം പറഞ്ഞപ്പോഴാണ്. അത് കൊണ്ടാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. അല്ലാതെ ഒരാളുടെയും ട്രോളോ കമന്‍റോ പേടിച്ചിട്ടല്ല സുഹൃത്തുക്കളെ, അത് ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

ഇനി സ്വര്‍ണത്തില്‍ പൊതിഞ്ഞുകൊണ്ടുള്ള വീണ നായരാണല്ലോ ഇപ്പോ എല്ലാവര്‍ക്കും കമന്‍റിടാനുള്ള സാഹചര്യമുണ്ടാക്കിയത്. അതിലേക്ക് ഞാന്‍ വരാം. എന്‍റെ കല്യാണത്തിന്‍റെ 44 ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍റെ അച്ഛന്‍ മരിക്കുന്നത്. ആറ് മാസം മുന്നേയാണ് എന്‍റെ അമ്മ മരിക്കുന്നത്. ഞാന്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് വളരെ കുറച്ച് സ്വര്‍ണ്ണങ്ങളാണ് എന്‍റെ കൈയ്യിലുണ്ടായിരുന്നത്. ഏഴ് വര്‍ഷം മുന്നേയാണ് എന്‍റെ കല്യാണം നടക്കുന്നത്. സാധാരണ എല്ലാ അച്ഛനമ്മമാര്‍ക്കും അന്നത്തെ കാലത്ത് (ഇപ്പോഴും അങ്ങനെയാണ്) സ്വന്തം മക്കളെ സര്‍വ്വാഭരണ വിഭൂഷിതയായിട്ട് കല്യാണത്തിന് മണ്ഡപത്തില്‍ കയറ്റണമെന്നാണ് ആഗ്രഹം. കോട്ടയത്തെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നത് കൊണ്ടും എന്‍റെ സുഹൃത്തുക്കളുടെ ഒക്കെ കല്യാണത്തിന് കണ്ടിരുന്നത് കൊണ്ടും എന്‍റെയും ആഗ്രഹം കല്യാണത്തിന് നിറയെ സ്വര്‍ണമിട്ടു കൊണ്ട് വേണം പോവാന്‍ എന്നാണ്. ഇതേ ആഗ്രഹത്തോടെയാണ് ഞാനും ഇരുന്നത്. ഒത്തിരി സ്ട്രഗ്ളിങ് പിരീയഡ് ആയിരുന്നു എനിക്കത്. ആ സമയത്ത് എന്‍റെ ആഗ്രഹം, എന്‍റെ അമ്മയും അച്ഛനും മരിച്ചതിന് ശേഷം അവരുടെയും ആഗ്രഹം കണക്കിലെടുത്ത് എനിക്ക് നിറച്ചും സ്വര്‍ണ്ണം വേണമെന്ന് തോന്നി.... സ്വാഭാവികം. എല്ലാ പെണ്‍പിള്ളേര്‍ക്കും ഉള്ളത് പോലെ തന്നെ വളരെ സ്വാഭാവികം. ഏഴ് വര്‍ഷം മുന്നേയുള്ള കാര്യമാണ് ഇപ്പറയുന്നത്.

ഇനി അടുത്തത് എന്‍റെ ഭര്‍ത്താവോ അവരുടെ വീട്ടുക്കാരോ ഇങ്ങോട്ട് വരുമ്പോള്‍ ഇത്രയും സ്വര്‍ണ്ണമായിട്ടേ വരാവൂ, ഇത്രയും സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടിട്ടോ പറഞ്ഞിട്ടോ ഇല്ല. ഞങ്ങള്‍ പ്രണയവിവാഹം കഴിച്ചവരാണ്, അറേഞ്ചഡ് വിവാഹമാണെങ്കില്‍ കൂടി പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അത് കൊണ്ട് തന്നെ എനിക്ക് ഈ കാര്യം ഇവിടെ പറയണമെന്ന് തോന്നി.

എന്‍റെ സ്വര്‍ണ്ണമുണ്ടാക്കിയത് എങ്ങനെയാണെന്ന് വെച്ചാല്‍ എന്‍റെ കൈയ്യിലുള്ള കുറച്ച് സ്വര്‍ണവും ബാക്കി സ്വര്‍ണ്ണം എന്‍റെ സുഹൃത്തിന്‍റെ ജ്വല്ലറിയില്‍ നിന്നും അന്നേ ഒരു ദിവസത്തേക്ക് വേണ്ടി എടുത്തതുമാണ്. അന്നൊരുദിവസം കഴിഞ്ഞ് അത് തിരിച്ചുകൊടുക്കുകയും ചെയ്തു. അത് എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുക്കാര്‍ക്ക് അറിയാവുന്ന കാര്യമാണ്.

ഇനി സ്ത്രീധനം എന്നത് അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും കല്യാണം എന്ന് പറഞ്ഞുകൊണ്ട് സ്ത്രീധനം കൊടുക്കുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. ആ നിലപാടിനെ ഇപ്പോള്‍ ഞാന്‍ ഒരു തരിപോലും അനുകൂലിക്കുന്നില്ല. ഉള്ളവര് കൊടുത്തോട്ടെ, ഒരു പ്രശ്നവുമില്ല. പക്ഷേ എന്നെ പോലെ, ആ സമയത്ത് എന്‍റെ കൈയ്യില്‍ സ്വര്‍ണം ഇല്ലായിരുന്നു, എന്നിട്ടും എനിക്ക് ആ സമയത്ത് കൊടുക്കണമെന്ന് തോന്നിയത് എന്‍റെ അന്നത്തെ ഈ കണ്ടിട്ടുള്ള ഭ്രമം കൊണ്ടാണ്. മരിച്ച അച്ഛന്‍റെയും അമ്മയുടെയും ആഗ്രഹം കണ്ടത് കൊണ്ട് തന്നെയാണ് ചെയ്തത്. ആ ചെയ്തതില്‍ ഇപ്പോ ആലോചിക്കുമ്പോള്‍ പശ്ചാത്താപമുണ്ട്. ഇനിവരുന്ന തലമുറയോടാണ് ഞാന്‍ പറയുന്നത്. ആറ്, ഏഴ് വര്‍ഷം കൊണ്ട് ആര്‍ക്കും മാറ്റം സംഭവിക്കാം. ഏഴ് വര്‍ഷം കൊണ്ട് മാറ്റം സംഭവിക്കാവുന്ന ആരുമില്ലേ ചുറ്റിലും. എനിക്കറിയാംപാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ്.

ഇത്രയും കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാന്‍ തോന്നിയത് ഒന്നുകൊണ്ടുമല്ല, വെറുതെ കല്യാണഫോട്ടോ കുത്തിപൊക്കി കമന്‍റ് ചെയ്യേണ്ട എന്ന് പറയാന്‍വേണ്ടിയിട്ടാണ്. ഇനിയും കമന്‍റ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ കമന്‍റ് ചെയ്തോളൂ. ഇനിവരുന്ന തലമുറയോട് ഞാന്‍ ശക്തമായി തന്നെ പറയും സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ട് വരുന്ന ഏത് ആണോ കുടുംബമോ ആയിക്കോട്ടെ ആ കല്യാണം വേണ്ട എന്ന് തന്നെ പറയുക. സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ട് വരുന്നവര്‍, ഉള്ളവര്‍ കൊടുത്തോ അതിന് ഒരു കുഴപ്പവുമില്ല, പിന്നെ സ്ത്രീയാണ് ധനമെന്ന് പറയുന്നതിനെ ഒത്തിരി അനുകൂലിക്കുന്ന ഒരാളാണ് ഞാന്‍. അതും ഞാന്‍ ഈ സമയത്ത് പറയുകയാണ്. ഇതെല്ലാം കേട്ടിട്ടും നിങ്ങള്‍ക്ക് ഇനിയും ട്രോളണമെന്നുണ്ടെങ്കില്‍ ട്രോളിക്കോളൂ, ഒരു കുഴപ്പവുമില്ല. കാരണം ഷൂട്ടിങ് ഒക്കെ തുടങ്ങാനിരിക്കെയാണ്. ഞാനിവിടെ ഇരിക്കുന്നുവെന്നുള്ളത് ഇന്‍ഡസ്ട്രിയിലും അല്ലാതെയും ഉള്ള ആള്‍ക്കാരൊക്കെ ഒന്നു അറിഞ്ഞോട്ടെ.

Related Tags :
Similar Posts