ഇന്നച്ചൻ ഇനി ചിരിയോർമ; പ്രിയ നടന് വിട നൽകി കേരളം
|ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കെ സെമിത്തേരിയിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്
തൃശൂർ: മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന് കണ്ണീരോടെ വിട നൽകി കേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കെ സെമിത്തേരിയിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വീട്ടിലെ തിരുകർമങ്ങൾക്ക് ശേഷമാണ് മൃതദേഹം സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ട് പോയത്. രാവിലെ 10 മണിയോടെ വീട്ടിലെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. വിലാപയാത്രയായാണ് സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി.
കുടുംബ കല്ലറക്ക് പകരം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇന്നസെന്റിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. ഭാര്യ ആലീസ്, മകൻ സോണറ്റ്,കൊച്ചുമക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങൾ അന്ത്യ ചുംബനം നൽകിയാണ് അദ്ദേഹത്തെ യാത്രക്കിയത്.
സിനിമാ സാമൂഹ്യ രംഗത്തെ പ്രമുഖരും ആരാധകരുമടക്കം ആയിരങ്ങളാണ് ഇന്നും അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് മലയാളത്തിന്റെ ചിരി മാഞ്ഞത്. രണ്ടു തവണ അർബുദത്തോട് പടവെട്ടി വിജയിച്ച ഇന്നസെന്റ് ഒടുവിൽ മരണത്തിന് കീഴടങ്ങടങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അവസാന നോക്കു കാണാൻ ആയിരങ്ങളെത്തി. തുടർന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ ആലുവയിലും അങ്കമാലിയിലും അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറു കണക്കിന് പേരെത്തി.
ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ അഭിനേതാക്കളും സംവിധായകരും പൊട്ടിക്കരഞ്ഞു.എന്നും ചിരിച്ചുമാത്രം സിനിമാരംഗത്ത് സജീവമായ ഇന്നസെന്റിന്റെ വിയോഗം സിനിമാ മേഖലയെ ആകെ കണ്ണീരിലാഴ്ത്തി. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സഹപ്രവര്ത്തകർക്ക് ദു:ഖം അടക്കിനിര്ത്താനായില്ല. 18 വർഷം അമ്മ സംഘടനക്ക് നേതൃത്വം നൽകിയ ഇന്നസെന്റിന്റെ വിയോഗം പകരം വെയ്ക്കാനില്ലാത്ത വിടവാണ് സിനിമ മേഖലക്ക് നൽകുന്നത്.
രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.