നോട്ടു നിരോധനം കഹാനി 2വിന്‍റെ വിജയത്തെ ബാധിച്ചുവെന്ന് വിദ്യാ ബാലന്‍
|ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ പ്രതികരണം
ബോളിവുഡ് നടി വിദ്യാ ബാലന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കഹാനി. മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അത്ര വിജയമായിരുന്നില്ല. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ. നോട്ട് നിരോധനം ഇല്ലായിരുന്നുവെങ്കിൽ കഹാനി 2 കൂടുതൽ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കുമായിരുന്നുവെന്ന് താരം പറഞ്ഞു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ പ്രതികരണം.
നോട്ടുനിരോധനം നടപ്പാക്കി ഒരു മാസത്തിന് ശേഷം 2016 ഡിസംബര്‍ 2നാണ് കഹാനി 2 തിയറ്ററുകളിലെത്തിയത്. താന്‍ അഭിനയിച്ച ആ ചിത്രം ആളുകള്‍ കൂടുതല്‍ തിയറ്ററുകളിലെത്തി കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ നോട്ടുനിരോധനത്തിനു ശേഷമായിരുന്നു റിലീസ്. അതുകൊണ്ട് ആളുകള്‍ തിയറ്ററുകളിലെത്തിയില്ല. അല്ലായിരുന്നെങ്കില്‍ പ്രേക്ഷകരെത്തുമോ എന്നും എനിക്കറിയില്ല. പക്ഷെ ഇതും ഒരു ഘടകമായിരുന്നു'' വിദ്യ പറഞ്ഞു.
അതേസമയം വിദ്യ നായികയായ ജല്‍സ ആമസോണ്‍ പ്രൈമില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 18നായിരുന്നു ചിത്രം പ്രേക്ഷകരിലെത്തിയത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായ ജല്‍സയില്‍ ഷഫാലി ഷായും പ്രധാന വേഷത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകയായി വിദ്യയെത്തുമ്പോള്‍ അവരുടെ പാചകക്കാരിയായിട്ടാണ് ഷഫാലി അഭിനയിക്കുന്നത്.