'സിനിമാ മേഖല ആരുടേയും അച്ഛന്റേതല്ല'; നെപ്പോട്ടിസത്തില്‍ പ്രതികരിച്ച് വിദ്യാ ബാലന്
|നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്. സിനിമ മേഖലയുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഇന്റസ്ട്രിയില്‍ എത്തിപ്പെട്ടയാളാണ് വിദ്യ. അതിനാല്‍ തന്നെ ഇന്ന് സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ തുടക്കം കഷ്ടപാടുകളുടേതും പ്രയാസങ്ങളുടേതുമായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ദേശിയ ചലച്ചിത്ര പുരസ്കാരവും പത്മശ്രീയും ലഭിച്ച വിദ്യാബാലന് ഇതിനോടകം ഇന്റസ്ട്രി ഹിറ്റുകളായി മാറിയ പല ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
എന്നാല്‍ ബോളിവുഡില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന നെപ്പോട്ടിസത്തെ(സ്വജനപക്ഷപാതം) കുറിച്ച് മനസുതുറന്നിരിക്കയാണ് വിദ്യാബാലന്. സിനിമാ മേഖല ആരുടേയും അച്ഛന്റെ വകയല്ലെന്നാണ് വിദ്യ പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സിനിമാ മേഖല ആരുടേയും അച്ഛന്റേതല്ല, ആയിരുന്നെങ്കില്‍ എല്ലാ താര പുത്രന്മാരും വിജയിച്ചേനെ എന്ന് വിദ്യാബാലന് പറഞ്ഞു. കടുത്ത ബോഡിഷെയിമിങ് താന്‍ നേരിട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തി. തന്റെ ശരീര ഭാരവും ആകാര വടിവുകളും മറ്റുള്ളവരുടെ കണ്ണില്‍ പ്രശ്നമായിരുന്നെന്നും വസ്ത്രം ധരിക്കുമ്പോള്‍ അത് തന്റെ ആത്മവിശ്വാസം കെടുത്തിയിരുന്നുവെന്നും നടി പറഞ്ഞു.
ബോളിവുഡിലടക്കം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയ ഒന്നാണ് നെപ്പോട്ടിസം. നടന് സുശാന്ത് രജപുതിന്റെ മരണത്തിന് പിന്നാലെ ബോൡവുഡില്‍ നെപ്പോട്ടിസത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. കപൂര്‍, ചോപ്ര, ഖാന് തുടങ്ങിയ കുടുംബങ്ങളാണ് സിനിമാ മേഖല അടക്കി വാഴുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.