ക്ഷമയോടെ ഇരിക്കുക; വാടക ഗര്‍ഭധാരണ വിവാദങ്ങള്‍ക്കിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി വിഘ്നേശ് ശിവന്
|വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്
ചെന്നൈ: തങ്ങള്‍ മാതാപിതാക്കളായ വിവരം ഒക്ടോബര്‍ 9നാണ് നടി നയന്‍താരയും സംവിധായകന് വിഘ്നേശും ആരാധകരെ അറിയിച്ചത്. ഇരട്ടക്കുട്ടികളുടെ കുഞ്ഞിക്കാലുകള്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. ഉയിര്,ഉലകം എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ താരദമ്പതികള്‍ ഏറെ സന്തോഷത്തോടെ അറിയിച്ച വാര്‍ത്ത പിന്നീട് വിവാദത്തിന് കാരണമാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു മാസമായപ്പോഴേക്കും കുട്ടികളുണ്ടായതിനെച്ചൊല്ലിയായിരുന്നു ചര്‍ച്ച. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി.
''എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും. ക്ഷമയോടെയിരിക്കുക. നന്ദിയുള്ളവരായിരിക്കുക " എന്നാണ് വിഘ്നേശിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. ഇതിനു പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സാധിക്കുമോയെന്നും വാടകഗര്‍ഭധാരണ കാലയളവില്‍ ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഇന്ത്യൻ വാടക ഗർഭധാരണ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.
ജൂണ്‍ 9ന് മഹാബലിപുരത്ത് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കി-നയന്‍സ് വിവാഹം. രജനീകാന്ത്, ഷാരൂഖ് ഖാന്, എ.ആര് റഹ്മാന്, സൂര്യ, ജ്യോതിക,കാര്‍ത്തി,ശിവകാര്ത്തികേയന് തുടങ്ങി വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സംവിധായകന് ഗൗതം മേനോന് ഒരുക്കി ഡോക്യുമെന്ററിയുടെ ടീസര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക.