ഞാനും അവള്‍ക്കൊപ്പം മരിച്ചു; മകളുടെ വിയോഗത്തില്‍ പ്രതികരിച്ച് വിജയ് ആന്‍റണി
|ചെന്നൈയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു
ചെന്നൈ: ഈയിടെയാണ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീരയെ(16) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം മൂലം ജീവനൊടുക്കുകയായിരുന്നു. ചെന്നൈയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു. മീരയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സ്കൂളിനെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്. മകളുടെ മരണത്തിനു ശേഷം വിജയ് ആന്‍റണി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച കുറിപ്പ് ആരുടെയും ഹൃദയം തകര്‍ക്കും.
'' പ്രിയപ്പെട്ടവരേ, എന്‍റെ മകൾ മീര സ്‌നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാൾ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവൾ ഇപ്പോൾ. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല കാര്യവും അവളുടെ പേരിലായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു'' എന്നാണ് വിജയ് ആന്‍റണി കുറിച്ചത്.
വിജയിന്‍റെയും ഫാത്തിമയുടെയും മൂത്ത മകളാണ് മീര. ലാര എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. സ്‌കൂളിലെ മിടുക്കിയായ വിദ്യാര്‍ഥിയായ മീര ചെന്നൈയിലെ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.