Entertainment
വിജയ് ബാബുവിന്റെ എൻട്രി: മാസ് ബിജിഎം ഉൾക്കൊള്ളിച്ചുള്ള അമ്മയുടെ വീഡിയോയ്‌ക്കെതിരെ വിമർശനം
Entertainment

വിജയ് ബാബുവിന്റെ എൻട്രി: മാസ് ബിജിഎം ഉൾക്കൊള്ളിച്ചുള്ള 'അമ്മ'യുടെ വീഡിയോയ്‌ക്കെതിരെ വിമർശനം

Web Desk
|
28 Jun 2022 3:54 PM GMT

'അമ്മ' യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിജയ് ബാബുവിന്റെ വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്

അമ്മ ജനറൽ ബോഡിയിലേക്കുള്ള നടൻ വിജയ്ബാബുവിന്റെ എൻട്രിയിൽ മാസ് ബിജിഎം ചേർത്തുകൊണ്ട് താര സംഘടനയായ അമ്മ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വ്യാപക വിമർശനം. താരങ്ങളും സംഘടനയും ഏറെ വിമർശനത്തിന് വിധേയമായിരിക്കുന്ന സാഹചര്യത്തിലാണ് അമ്മയുടെ യൂട്യൂബ് ചാനലിലൂടെ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടത്. 'അമ്മ' യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിജയ് ബാബുവിന്റെ വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനം നേരിടുകയാണ് താര സംഘടനയായ അമ്മ.


അമ്മ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും പങ്കെടുത്തിരുന്നു. കേസ് കോടതിയിലാണെന്നും വിധിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സംഘടന പ്രതികരിച്ചു. അമ്മ സംഘടനക്ക് മാത്രമായി ഇനി പരാതി പരിഹാര സെൽ ഉണ്ടാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. രാവിലെ പത്തേമുക്കാലോടെയാണ് വിജയ് ബാബു അമ്മ യോഗത്തിൽ എത്തിയത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം പുറത്തേക്കു പോയി. വിജയ് ബാബു അമ്മയിലെ അംഗമാണെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നുമായിരുന്നു വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചുള്ള ഭാരവാഹികളുടെ പ്രതികരണം

വിജയ് ബാബു വിഷയം പരിഗണിച്ച അമ്മയുടെ ഇന്റേർണൽ കമ്മിറ്റിൽ നിന്ന് രാജി വെച്ചതിനെ കുറിച്ച് നടി ശ്വേത മേനോന്റെ പ്രതികരണം ഇങ്ങനെ- 'ഇരയുടെ പേര് പറഞ്ഞതിനാണ് ഐ.സി.സി അടിയന്തരമായി മീറ്റിങ് വിളിച്ചത്. സ്റ്റെപ് ഡൌൺ ചെയ്യാൻ പറയൂ എന്നു പറഞ്ഞിട്ട് നിർദേശം എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൊടുത്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി മാറിനിൽക്കാൻ ആവശ്യപ്പെട്ടു, അദ്ദേഹം മാറിനിന്നു. അതെല്ലാം ഓകെ. 'ഐസിസി നിർദേശ പ്രകാരം' എന്ന വാക്ക് പ്രസ് മീറ്റിൽ പറയാത്തതായിരുന്നു എന്റെ പ്രശ്‌നം. അതോടെ രാജിവെച്ചു. പിന്നീട് അമ്മയ്ക്ക് ഐസിസി ആവശ്യമില്ലെന്ന് നമുക്ക് തോന്നി '- ശ്വേത മേനോൻ പറഞ്ഞു.

അമ്മ തൊഴിൽ ദാതാവല്ലെന്നും അതിനാൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ ഫിലിം ചേംബറിന് കീഴിൽ രൂപീകരിക്കുമെന്നും ജനറൽ ബോഡി യോഗത്തിനു ശേഷം അമ്മ ഭാരവാഹികൾ അറിയിച്ചു.



Similar Posts