സിനിമാ നിര്‍മാണത്തില്‍ സജീവമായി വിജയ് ബാബു; പുതിയ ചിത്രത്തില്‍ നായകന് സുരാജ്, സംവിധാനം പുതുമുഖം
|'ആവറേജ് അമ്പിളി' എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്
ബലാത്സംഗക്കേസില്‍ പൊലീസ് അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെ സിനിമാ നിര്‍മാണത്തില്‍ സജീവമായി വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണമാണ് ഇന്ന് പയ്യന്നൂരില്‍ ആരംഭിച്ചത്. ഹൃദയത്തിലെ 'ജോ' എന്ന കഥാപാത്രത്തിലൂടെയും 'ആവറേജ് അമ്പിളി' എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന് ചന്ദ്രശേഖരന്റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം.
ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപ് ആണ് നായിക. തന്വി റാം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാട്ടുമ്പുറത്തെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളെ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.
രാജേഷ് ശര്‍മ, അഭിറാം രാധാകൃഷ്ണന് തുടങ്ങിയ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭായമാണ്. ആദിത്യന് ചന്ദ്രശേഖരനും അര്ജുന് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിക്കുന്നു.