വാരിസും തുനിവും തിയേറ്ററിൽ; അജിത്തിന്റെ കട്ട്ഔട്ടുകൾ വലിച്ചു കീറി വിജയ് ആരാധകർ
|ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരു ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് എന്നതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ഒരുക്കിയിരിക്കുന്നത്
ചെന്നൈ: എട്ടുവർഷത്തെ ഇടവേളക്ക് ശേഷം തല അജിത്തിന്റെയും ദളപതി വിജയ്‌യുടേയും ചിത്രങ്ങൾ തമിഴ് ബോക്‌സ് ഓഫീസിൽ ഒന്നിച്ചെത്തുകയാണ്. അജിത്ത് നായകനാകുന്ന തുനിവും വിജയ്‌യുടെ വാരിസുമാണ് പൊങ്കൽ റിലീസുകൾ. ജനുവരി 11 നാണ് രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തിയിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരു ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് എന്നതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾക്കിടെ ചെന്നൈയിലെ പ്രശസ്തമായ രോഹിണി തിയേറ്ററിൽ വിജയ് ആരാധകർ അജിത്തിന്റെ കട്ട്ഔട്ടുകൾ വലിച്ചുകീറി ബഹളമുണ്ടാക്കി.
തമിഴ്‌നാട്ടിലുടനീളം വിജയ്, അജിത്ത് ആരാധകർ ഫാൻ ഫൈറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അക്രമസ്വഭാവത്തിലേക്ക് പോവുകയായിരുന്നു. എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഹീസ്റ്റ് ത്രില്ലറാണ് തുണിവ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. അജിത് കുമാർ, മഞ്ജു വാര്യർ, ജോൺ കൊക്കൻ, സമുദ്രക്കനി, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
വംശി പൈടിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. ദളപതി വിജയ്, രശ്മിക മന്ദാന, പ്രകാശ് രാജ്, ഖുശ്ബു, പ്രഭു, യോഗി ബാബു, സംഗീത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്.