'മാതൃഭാഷയെ സംരക്ഷിക്കണം, വിജയ്ക്കും ഉത്തരവാദിത്വമുണ്ട്': ലിയോയുടെ പേരുമാറ്റണമെന്ന് സീമന്‍
|ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലിയോ
ചെന്നൈ: വിജയ് നായകനാവുന്ന ലിയോ എന്ന സിനിമയുടെ പേരുമാറ്റണമെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമന്‍. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വിജയ്ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"നമ്മുടെ മാതൃഭാഷ വംശനാശത്തിൽ എത്താതെ സംരക്ഷിക്കണം. വിജയ്‌ക്കും ആ ഉത്തരവാദിത്വമുണ്ട്. നേരത്തെ തമിഴ് പേരുകള്‍ മാത്രമാണ് സിനിമകള്‍ക്കിട്ടിരുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉപയോഗിക്കുന്നു. ബിഗില്‍ പോലുള്ള ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉപയോഗിക്കുന്നു. ഈ സ്ഥിതി മാറണം"- സീമന്‍ പറഞ്ഞു. തമ്പി, വാഴ്ത്തുകള്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് സീമനാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലിയോ. ടൈറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലിയോ. സഞ്ജയ് ദത്ത്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. മൂന്നു മാസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന സിനിമയാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജാണ് എഡിറ്റിങ്.
Summary- Seeman well known political leader of Naam Thamilar Katchi and director demands title change of Loe, Vijay's film