വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു; പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ചന്ദ്രശേഖര്‍
|വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു, അത് ഇപ്പോൾ നിലവിലില്ല. ഞങ്ങളാരും സംഘടനയിലെ ഭാരവാഹികളല്ല
നടൻ വിജയ് യുടെ പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടതായി ചന്ദ്രശേഖര്‍ തിങ്കളാഴ്ച ചെന്നൈ കോടതിയില്‍ അറിയിച്ചു.
''വിജയ് മക്കൾ ഇയക്ക'ത്തിലെ എല്ലാ അംഗങ്ങൾക്കും മുൻകൂർ അറിയിപ്പ് നൽകിയ ശേഷം 28-02-2021 ന് ചെന്നൈയിൽ ഒരു ജനറൽ ബോഡി യോഗം ചേർന്നതായി കോടതിയിൽ സമർപ്പിക്കുന്നു. ജനറൽ ബോഡി യോഗത്തിൽ, വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു'' ചെന്നൈ സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ പറഞ്ഞു. ''വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു, അത് ഇപ്പോൾ നിലവിലില്ല. ഞങ്ങളാരും സംഘടനയിലെ ഭാരവാഹികളല്ല. പക്ഷെ വിജയ്‍യുടെ ആരാധകരായി തുടരുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഒക്ടോബർ 29 ലേക്ക് മാറ്റിയിട്ടുണ്ട്.
മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ശേഖർ, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്‍റെ പേരിലോ തന്‍റെ ഫാൻസ് ക്ലബ്ബിന്‍റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
2020 ജൂണിലാണ് ചന്ദ്രശേഖര്‍ വിജയ് മക്കള്‍ ഇയക്കം രൂപീകരിക്കുന്നത്. പിന്നീടത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. തന്‍റെ ആരാധകർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്കായി തന്‍റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.