തമിഴകത്തിന്റെ ആക്ഷൻ ഹീറോ; രാഷ്ട്രീയത്തിൽ വെട്രി മങ്ങിയ ക്യാപ്റ്റൻ
|തമിഴ് വാണിജ്യ സിനിമയുടെ ഏത് പാറ്റേണും വഴങ്ങുന്ന നടനായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ വിജയകാന്ത് സ്വന്തം ഇടം കണ്ടെത്തി.
നിരവധി പൊലീസ് കഥാപാത്രങ്ങളിലൂടെ തമിഴകത്തിന്റെ ആക്ഷൻ ഹീറോ ആയി മാറിയ നടനായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ ചിത്രങ്ങളെടുക്കുമ്പോൾ ആരാധകരുടെ മനസിലേക്ക് ആദ്യം വരിക ആ കാക്കി വേഷങ്ങളായിക്കും. 1980കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. 80കളിലും 90കളിലും രജനി- കമല്‍ ദ്വയത്തോടൊപ്പം തന്നെ സൂപ്പര്‍താര പദവി അലങ്കരിച്ചിരുന്ന നടനായിരുന്നു വിജയകാന്ത്. ബോക്‌സോഫീസില്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകൾ പിറന്നതോടെ സൂപ്പര്‍സ്റ്റാര്‍ എന്ന പേരും വിജയകാന്തിന് ചാർത്തി നൽകി ആരാധാകർ.
കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. എന്നാല്‍ അദ്ദേഹത്തിന്റെ മിക്ക സിനിമകളും തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'പുരട്ചി കലൈഞ്ജർ' എന്നായിരുന്നു ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയായിരുന്നു ഈ പേര് താരത്തെ തേടിയെത്തിയത്. പിന്നീട് 1991ൽ നൂറാമത്തെ ചിത്രമായ 'ക്യാപ്റ്റന്‍ പ്രഭാകരൻ' പുറത്തിറങ്ങിയതിനു ശേഷമാണ് 'ക്യാപ്റ്റന്‍' എന്ന വിളിപ്പേര് ലഭിക്കുന്നത്. ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായി അറിയപ്പെടുന്ന ചിത്രമാണ് 'ക്യാപ്റ്റൻ പ്രഭാകരൻ'.
വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം 100 ദിവസത്തിലധികമാണ് തിയേറ്ററുകൾ നിറഞ്ഞോടിയത്. സത്യമംഗലം കാട്ടിൽ വിഹരിക്കുന്ന വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടിക്കാൻ പോകുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തിൽ വേഷമിട്ടത്. സംഘട്ടന രംഗങ്ങളിൽ കൃത്യതയും ചടുലതയും പുലർത്തുന്ന വിജയകാന്തിന്റെ മികച്ച ഫൈറ്റുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലാണ്.
1952 ആഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർഥ പേര്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ 'ഇനിക്കും ഇളമൈ'യിലൂടെയായിരുന്നു അഭ്രപാളിയിലേക്കുള്ള രംഗപ്രവേശം. വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. 1981ല്‍ പുറത്തിറങ്ങിയ 'സട്ടം ഒരു ഇരുട്ടറൈ' നായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയര്‍ത്തി. നടൻ വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും.
തമിഴ് വാണിജ്യ സിനിമയുടെ ഏത് പാറ്റേണും വഴങ്ങുന്ന നടനായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ വിജയകാന്ത് സ്വന്തം ഇടം കണ്ടെത്തി. രജനിയും കമലും നിറഞ്ഞാടിയ കാലത്ത് കട്ടക്ക് പിടിച്ചുനിന്ന് താരമൂല്യം ഉയർത്തിയ വ്യക്തിയായിരുന്നു വിജയകാന്ത്.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ വേഷമിട്ടു. 2010ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇത് തന്നെയാണ്. 2015ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.
തമിഴകത്തിൽ നടന്‍മാര്‍ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പതിവ് വിജയകാന്തും തെറ്റിച്ചില്ല. സിനിമയിലും അറസാങ്കത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ നിരവധി സൂപ്പർ ഹിറ്റുകളിലൂടെ സിനിമയിൽ വെന്നിക്കൊടി പാറിച്ചെങ്കിലും രാഷ്ട്രീയത്തിൽ വിജയിക്കാതെ പോയ നടന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്. 2005 സെപ്തംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 234 സീറ്റുകളില്‍ മത്സരിച്ചു. എന്നാല്‍ വിജയകാന്തിന് മാത്രമാണ് ജയിക്കാനായത്.
2011ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റില്‍ സ്ഥാനാർഥികളെ നിർത്തി. ഇതില്‍ 29 എണ്ണത്തിലും വിജയിച്ചു. രണ്ട് തവണയായി വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തിയ താരം 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവായും തമിഴ്‌നാട് നിയമസഭയിൽ നിറഞ്ഞാടി. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്ന് വിളിക്കപ്പെട്ടു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ വെട്രി ഉണ്ടായില്ല. ഇതിനിടെ, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച 14 സീറ്റിലും പരാജയപ്പെട്ടു.
എന്നാൽ, തോൽവിയിലും പിന്മാറാതെ തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി നിന്ന താരത്തെ ഇടയ്ക്ക് വന്ന രോഗാവസ്ഥ തളർത്തിയെങ്കിലും അവയെ സധൈര്യം അതിജീവിച്ചു. ഇടയ്ക്ക്, പ്രമേഹം മൂലം കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നു. പിന്നീട് കടുത്ത അനാരോഗ്യം മൂലം കൂറേക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. വിജയകാന്തിന്‍റെ അഭാവത്തിൽ ഭാര്യ പ്രേമലതയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുത്തിരുത്തു. രോഗാവസ്ഥ മൂർച്ഛിച്ച കാലത്ത് കേരളത്തിന് ഒരു കോടി രൂപ പ്രളയ ഫണ്ടിലേക്കായി നൽകിയതും മറക്കാനാവില്ല.
1994ൽ എം.ജി.ആർ പുരസ്കാരം, 2001ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമ, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ ലഭിച്ചു. പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്തിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ന്യൂമോണിയ ബാധിതനായി കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെറ്റിലേറ്ററിൽ കഴിയവെയായിരുന്നു മരണം. തമിഴകത്തിന്റെ മണ്ണിലും മനസിലും തന്റേതായ ഇടം എന്നന്നേക്കുമായി നിലനിർത്തിയാണ് താരത്തിന്റെ മടക്കം.