നൂറ് വയസുള്ള ഇച്ചാപ്പനായി വിജയരാഘവന്‍; 'പൂക്കാലം' ഒ.ടി.ടിയിലേക്ക്
|ഏപ്രിൽ എട്ടിനാണ് ചിത്രം തിയേറ്ററിൽ റിലീസിനെത്തിയത്. മെയ് 19 മുതൽ ചിത്രം ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും
വിജയരാഘവനെ പ്രധാന കഥാപാത്രമാക്കി ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്ത പൂക്കാലം ഒ.ടി.ടിയിൽ റിലീസിനെത്തുന്നു. രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാർദ്ധക്യത്തിന്റെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ള ഇച്ചാപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് വിജയരാഘവൻ.
ഒപ്പം ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെ.പി.എസി. ലീലയും ചിത്രത്തിൽ എത്തുന്നുണ്ട്. 'ആനന്ദം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചെയ്യുന്ന ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൂക്കാലം. ഏപ്രിൽ എട്ടിനാണ് ചിത്രം തിയേറ്ററിൽ റിലീസിനെത്തിയത്. മെയ് 19 മുതൽ ചിത്രം ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
ഗണേഷിൻറെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ 'പൂക്കാല'ത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.