Entertainment
ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ: വിനയ് ഫോർട്ട്
Entertainment

ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ: വിനയ് ഫോർട്ട്

Web Desk
|
13 Dec 2022 12:21 PM GMT

നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു കോൺഗ്രസിന്‍റെ അവസ്ഥ വിവരിച്ച് വാസവന്‍റെ വിവാദ പരാമർശം

നിയമസഭയിൽ കോൺഗ്രസിനെ കളിയാക്കാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്ദ്രൻസിനെ പരാമർശിച്ചത് വിവാദമായിരുന്നു. ബോഡി ഷെയിമിങ് നടത്തി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് നടൻ വിനയ് ഫോർട്ട് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്ദ്രൻസിനോടപ്പം വളരുക എന്ന് പറയുന്നിടത്താണ് കാതൽ എന്ന് കുറിച്ചാണ് വിനയ് ഫോർട്ട് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തത്.

''ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ..... മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യം... സ്‌നേഹം... ആദരവ് ഇന്ദ്രൻസേട്ടാ...'' വിനയ് ഫോർട്ട് കുറിച്ചു.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്‍റെ അവസ്ഥ വിവരിച്ച് വാസവന്‍റെ വിവാദ പരാമർശം.

'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.' എന്നായിരുന്നു മന്ത്രി പറഞ്ഞത്.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്‍റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്‍റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; ഇന്ദ്രന്‍സ് പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ മനസ്സുതുറന്നത്.

Similar Posts