കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്ക് കോടികളുടെ നഷ്ടമുണ്ടാകും: വിനയന്
|കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയുടെയും കമലാ ഹാസൻെറയും രജനീകാന്തിന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്
തമിഴ് സിനിമയില്‍ ഇനിമുതൽ തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്സിയുടെ തീരുമാനത്തിനെതിരെ സംവിധായകന് വിനയന് രംഗത്ത്. തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും തിയറ്റർ ഉടമകളും വിതരണക്കാരും തയ്യാറാകണമെന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
ഒഴിച്ചുകൂടാനാവാത്തപക്ഷം തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ചിത്രീകരണം സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണം. ചിത്രത്തിന്റെ സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്.
വിനയന്റെ കുറിപ്പ്
ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാടു സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പാണങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..
ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല.. കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയുടെയും കമലാ ഹാസൻെറയും രജനീകാന്തിന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തിയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.
തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും തിയറ്റർ ഉടമകളും വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എൻെറ അഭിപ്രായം.. വിക്രമിനെ അവതരിപ്പിച്ച "കാശി" ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല..