Entertainment
എല്ലാം കൊള്ളാം ബട്ട് പടത്തിലെ നായകന്‍റെ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല; സിജുവിനെ അധിക്ഷേപിച്ച കമന്‍റിന് മറുപടിയുമായി വിനയന്‍
Entertainment

'എല്ലാം കൊള്ളാം ബട്ട് പടത്തിലെ നായകന്‍റെ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല'; സിജുവിനെ അധിക്ഷേപിച്ച കമന്‍റിന് മറുപടിയുമായി വിനയന്‍

Web Desk
|
27 Nov 2021 2:45 AM GMT

എന്നാല്‍ ഒട്ടും പ്രകോപിതനാകാതെ സംയമനത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെയായിരുന്നു വിനയന്‍റെ മറുപടി

വന്‍താരനിരയെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകളും വിശേഷങ്ങളും സംവിധായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.യുവതാരം സിജു വില്‍സണാണ് നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലെത്തുന്നത്. ഇപ്പോള്‍ സിജുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു കമന്‍റിന് മറുപടി പറഞ്ഞിരിക്കുകയാണ് വിനയന്‍.



''എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല" എന്നാണ് സിജുവിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു കമന്‍റ്. എന്നാല്‍ ഒട്ടും പ്രകോപിതനാകാതെ സംയമനത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെയായിരുന്നു വിനയന്‍റെ മറുപടി. ''ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്.." എന്നാണ് വിനയന്‍ കമന്‍റിന് നല്‍കിയിരിക്കുന്ന മറുപടി. വിനയന്‍റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകള്‍ അറിയിച്ചും കയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.



അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്. സുദേവ് നായര്‍‌, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആര്‍. ആചാരി, രാഘവന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പൂനം ബജ്‍വ, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ശ്രീജിത്ത് രവി, കയാദു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിനയന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ-ഷാജി കുമാര്‍, സംഗീതം-എം.ജയചന്ദ്രന്‍. ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.



19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥയാണ് പത്തൊന്‍പതാം നൂറ്റാണ്ട് പറയുന്നത്. ചിത്രത്തിനു വേണ്ടി സിജു കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ഡോക്യുമെന്‍ററിയല്ല ഈ സിനിമയെന്നും മറിച്ച് തിരുവിതാംകൂറിന്‍റെ ചരിത്രം എഴുതിയപ്പോൾ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും ആ നവോത്ഥാന നായകൻ സമൂഹത്തിനു വേണ്ടി ചെയ്ത നൻമകളിലൂടെ യാത്ര ചെയ്യുകയുമാണ് സിനിമ ചെയ്യുന്നതെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.

Similar Posts