കങ്കണ കരണത്തടി: കുൽവീന്ദർ കൗറിന് ജോലി നൽകുമെന്ന് വിശാൽ ദദ്‌ലാനി
|കുൽവീന്ദറിനെ സി.ഐ.എസ്.എഫ് സസ്‌പെൻഡ് ചെയ്തിരുന്നു
മുംബൈ: ബോളിവുഡ് താരവും നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി. ചണ്ഡിഗഢ് വിമാനത്താവളത്തിൽ കങ്കണയെ അടിച്ച കുൽവീന്ദർ കൗർ അറസ്റ്റിലായിരുന്നു. സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാൽ ദദ്‌ലാനി കൗറിനു പിന്തുണയുമായി രംഗത്തെത്തിയത്. ഹിംസയെ ഒരിക്കലും പിന്തുണയ്ക്കുന്ന ആളല്ല ഞാൻ. എന്നാൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ രോഷം എനിക്കു ശരിക്കും മനസിലാകും. സംഭവത്തിൽ സി.ഐ.എസ്.എഫ് എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അവർക്കു പറ്റിയൊരു ജോലി താൻ ഉറപ്പുനൽകുമെന്നും വിശാൽ അറിയിച്ചു. ചണ്ഡിഗഢ് വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയായിരുന്നു പ്രതികരണം.
ഇതിനുശേഷം കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്ത് സി.ഐ.എസ്.എഫ് ഉത്തരവുമിറങ്ങി. ഇതോടെ കൗറിനെ ആരെങ്കിലും ബന്ധപ്പെടുത്തി തരണമെന്ന ആവശ്യവുമായി വിശാൽ വീണ്ടും രംഗത്തെത്തി. കൗറിനെ ഡ്യൂട്ടിയിൽനിന്നു നീക്കംചെയ്തിട്ടുണ്ടെങ്കിൽ അവരെ താനുമായി ബന്ധപ്പെടുത്തി തരണം. അവർക്കു താൻ നല്ലൊരു ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മയെ 'നൂറു രൂപയ്ക്കു കിട്ടുമെന്ന്' ആരെങ്കിലും പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും? സുരക്ഷാ പരിശോധനയ്‍ക്കിടെ ഫോണ്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കങ്കണ തയാറായിരുന്നില്ലെന്നും ഇതാണു പ്രശ്നങ്ങളുടെ തുടക്കമെന്നും വിശാൽ ദദ്‌ലാനി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ചണ്ഡിഗഢ് വിമാനത്താവളത്തിലായിരുന്നു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ആക്ഷേപിച്ചതാണു പ്രകോപനമായതെന്നാണു വിവരം. വിമാനത്താവളത്തിൽനിന്നു പുറത്തുവന്ന ദൃശ്യങ്ങളിലും കുൽവീന്ദർ കൗർ ഇതേക്കുറിച്ചു സംസാരിക്കുന്നതു കേൾക്കാം. 'നൂറു രൂപയ്ക്കു വേണ്ടിയാണ് ആൾക്കാർ സമരത്തിനിരിക്കുന്നതെന്നാണ് ഇവൾ പറഞ്ഞത്. അവൾ അങ്ങനെ അവിടെ പോയി ഇരിക്കുമോ? ആ പരാമർശം നടത്തിയ സമയത്ത് എന്റെ അമ്മയും അവിടെയുണ്ടായിരുന്നു'-വിഡിയോയിൽ കുൽവീന്ദർ പറഞ്ഞു.
സംഭവം ആഘോഷിക്കുന്നുവെന്നു പറഞ്ഞ് ബോളിവുഡിനെതിരെ തിരിഞ്ഞിരിക്കുകയാണ് കങ്കണ. നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവിൽ നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നായിരുന്നു വിമർശനം. ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനെതിരായ ബോളിവുഡ് താരങ്ങളുടെ ഐക്യദാർഢ്യത്തെ പരിഹസിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ വിമർശനം. 'സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ വന്നു നിങ്ങളെ അടിച്ചേക്കാം. റഫായിലേക്ക് ആളുകളുടെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ അങ്ങനെയായി എന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല.'-കങ്കണ കുറിച്ചു. സ്‌റ്റോറി പിൻവലിച്ച ശേഷം ഫലസ്തീൻ ഐക്യദാർഢ്യത്തെ ആക്ഷേപിക്കുന്ന തരത്തിൽ മറ്റൊരു സ്റ്റോറി ഇടുകയും ചെയ്തു അവർ.
റഫായിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം. all eyes on rafah എന്ന വൈറൽ തലക്കെട്ട് ഉപയോഗിച്ചു താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. പുതിയ സ്റ്റോറി ഇങ്ങനെയായിരുന്നു: ''all eyes on rafah ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും''-കങ്കണ കുറിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായും തന്റെ അനുഭവത്തെ താരതമ്യപ്പെടുത്തി കങ്കണ. അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങാനിരിക്കുന്ന 'എമർജൻസി' ചിത്രത്തെ സൂചിപ്പിച്ചായിരുന്നു കുറിപ്പ്. 'എമർജൻസി' ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. നിരായുധയായൊരു വയോധിക സ്വന്തം വീട്ടിൽ, വിശ്വസ്തരായ സുരക്ഷാഭടന്മാരാൽ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ചിത്രത്തിൽ നിങ്ങൾക്കു കാണാം. പ്രായമായൊരു സ്ത്രീയെ കൊല്ലാൻ 35 വെടിയുണ്ടകളാണ് അവർ ഉപയോഗിച്ചത്. ധീരരായ ഖലിസ്ഥാനികളുടെ കഥ ഉടൻ പുറത്തുവരുമെന്നും കങ്കണ പറഞ്ഞു.
Summary: Vishal Dadlani promises job to the CISF official Kulwinder Kaur, who slapped Kangana Ranaut in Chandigarh airport