പുനീത് രാജ്കുമാറിന്റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍
|പുനീത് രാജ്കുമാർ ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല
അകാലത്തില്‍ വിടപറഞ്ഞ കന്നഡ നടന് പുനീത് രാജ്കുമാറിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് കുടുംബവും ആരാധകരും. അദ്ദേഹത്തിന്റെ സംരക്ഷണയിലുള്ളവരുടെയും കണ്ണീര് തോരുന്നില്ല. മികച്ച ഒരു നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാര് തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിന്റെ വിയോഗത്തോടെ അനാഥരായത് ഇവരൊക്കെയാണ്. ഇപ്പോള്‍ ആ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടന് വിശാല്‍.
വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിന്റെ ഹൈദരാബാദില്‍ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്. ''പുനീത് രാജ്കുമാർ ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തി. അടുത്ത വർഷം മുതൽ പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർഥികളെ ഏറ്റെടുക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു'' വിശാല്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൃദയാഘാതം മൂലം പുനീതിന്റെ മരണം സംഭവിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.